തദ്ദേശത്തിലും അവഗണന: ഇടതു ചങ്ങാത്തം അവസാനിപ്പിക്കാനൊരുങ്ങി ജെ.എസ്.എസ്
ആലപ്പുഴ: ഇടതുമുന്നണിയുടെ അവഗണനയില്‍ മനംമടുത്ത് യു.ഡി.എഫിലേക്കു തിരിച്ചുപോകാന്‍ ജെ.എസ്.എസ് തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന ജെ.എസ്.എസ് സംസ്ഥാന സെന്റര്‍ യോഗം അവഗണന നേരിട്ട് ഇനിയും ഇടതുമുന്നണിക്കൊപ്പം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു.
കെ.ആര്‍ ഗൗരിയമ്മയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അന്തിമ തീരുമാനത്തിനായി ഗൗരിയമ്മയെ ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ജെ.എസ്.എസ് അവഗണിക്കപ്പെട്ടതോടെയാണ് മുന്നണിമാറ്റം സജീവ ചര്‍ച്ചയായി മാറിയത്. ആറു വര്‍ഷം മുമ്പ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിക്കൊപ്പമെത്തിയ ഗൗരിയമ്മയെ ഇടതുമുന്നണി ഇരുകൈകളും നീട്ടി സ്വീകരിച്ചെങ്കിലും അവരുടെ പാര്‍ട്ടിയായ ജെ.എസ്.എസിനെ അംഗീകരിക്കാന്‍ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും തയാറായിട്ടില്ല.
യു.ഡി.എഫില്‍ നിന്ന് പുറത്തുവന്ന കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെടുത്തപ്പോഴും ജെ.എസ്.എസിനെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇടതുമുന്നണിയിലേക്ക് ലോക് താന്ത്രിക് ജനതാദള്‍, ഐ.എന്‍.എല്‍ ഉള്‍പ്പടെയുള്ള കക്ഷികളെ എടുത്തപ്പോഴും ജെ.എസ്.എസുമായി സഹകരണം തുടരാനാണ് സി.പി.എം നേതൃത്വം തീരുമാനിച്ചത്. ജെ.എസ്.എസില്‍ നിന്ന് പിളര്‍ന്നുപോയ രാജന്‍ ബാബു വിഭാഗം എന്‍.ഡി.എ വിട്ടു തിരികെ ഗൗരിയമ്മയ്‌ക്കൊപ്പം നിലയുറപ്പിച്ചെങ്കിലും വേണ്ടത്ര പരിഗണന ഇടതുമുന്നണിയില്‍ ലഭിച്ചില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന്റെ പൊതുവികാരം ജനറല്‍ സെക്രട്ടറിയായ ഗൗരിയമ്മയെ അറിയിച്ചിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി ഗൗരിയമ്മ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജന്‍ ബാബു പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."