കൊടുങ്ങല്ലൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി
കൊടുങ്ങല്ലൂര്‍: സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള വിജയകരമായി സംഘടിപ്പിച്ചതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൊടുങ്ങല്ലൂര്‍ ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളിനെ ശ്രദ്ധേയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സ്‌കൂള്‍ സൂപ്രണ്ട് സജീഷിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി .
നേരത്തെ പ്രസിദ്ധപ്പെടുത്തിയ കരട് ലിസ്റ്റില്‍ ഇല്ലാതിരുന്ന സജീഷിന്റെ പേര് ചില ബാഹ്യസമ്മര്‍ദങ്ങളെ തുടര്‍ന്ന് അവസാന പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ സ്ഥലം മാറ്റരുതെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സജീഷ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയിലെ കോക്കൂരിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് അധികൃതര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ടി.എച്ച്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ ടെക്‌നിക്കല്‍ സ്‌കൂള്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിവരുന്ന സൂപ്രണ്ടിനെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."