ദുരിതക്കയത്തില്‍ ആദിവാസി ഊരുകള്‍; കണ്ണടച്ച് അധികൃതര്‍
പേപ്പാറ: ഡാം വന്നപ്പോള്‍ ആദിവാസികളെ സര്‍ക്കാര്‍ മോഹനവാഗ്ദാനം നല്‍കി ഒഴിപ്പിച്ചു. പിന്നെ ഒഴിപ്പിച്ചവര്‍ക്ക് നല്‍കിയത് കടുത്ത അവഗണനയും പാലിക്കാത്ത വാഗ്ദാനവും. പേപ്പാറ അണക്കെട്ട് നിര്‍മാണ ഘട്ടത്തിലാണ് പൊടിയക്കാല കോളനികാര്‍ക്ക് ഇത് സമ്മാനിച്ചത്. ദുരിതക്കയത്തിലാണ് മലയോരത്തെ ആദിവാസി ഊരുകള്‍. തകര്‍ന്ന റോഡുകളും പാതിവഴിയിലായ പാതനിര്‍മാണവും പാലമില്ലാത്ത ആറ്റുകടവുകളും വര്‍ഷങ്ങളായി ആദിവാസി ജീവിതത്തെ ബാധിക്കുന്നു.
പേപ്പാറ വാര്‍ഡിലെ പൊടിയക്കാല ആദിവാസി ഊരിലാണ് ഏറെ ദുരിതം. സുന്ദരിമുക്ക് ചെക്ക്‌പോസ്റ്റ് മുതല്‍ റോഡ് കാട്ടിലൂടെയാണ്. വളവുകളും തിരിവുകളുമുള്ള കാട്ടുവഴിയുടെ നിലവാരത്തിലാണ് റോഡ്. ഇടയ്ക്കിടെ കല്ലുകളും മരത്തിന്റെ വേരുകളുമുണ്ട്. അടുത്തുള്ള കല്ലുപാറയിലുള്ളവരും ഏറെ ദുരിതത്തിലാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍പോലും ചുമന്നാണ് ഇവിടെയെത്തിക്കുന്നത്. കാല്‍നടപോലും സാധ്യമാകാത്ത ഇവിടെയുള്ള രോഗികളും പ്രായമുള്ളവരും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്.
റോഡുകളെക്കാള്‍ ദയനീയമാണ് വാമനപുരമാറ്റിലെ കടവുകളുടെ സ്ഥിതി. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ, കൊമ്പുരാന്‍കല്ല്, അല്ലത്താര, കല്ലന്‍കുടി, കൊങ്ങമരുതുമ്മൂട്, മൊട്ടമൂട്, കല്ലാര്‍ പെരിങ്ങമ്മല പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന കുണ്ടാളംകുഴി, നെട്ടയം തുടങ്ങിയ ഊരുകളിലെ ആദിവാസികളുടെ ദുരിതത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല പദ്ധതികളിലുള്‍പ്പെടുത്തി റോഡുനിര്‍മ്മാണം നടക്കുന്നുണ്ടെങ്കിലും ഒന്നും പൂര്‍ത്തിയാകുന്നില്ല എന്നാണ് പരാതി.
ഓരോ ഭാഗം തീരുമ്പോഴേക്കും റോഡിലെ മറ്റുസ്ഥലങ്ങള്‍ ശോചനീയാവസ്ഥയിലാകും. തലത്തൂതക്കാവ് റോഡ് ടാര്‍ചെയ്‌തെങ്കിലും പലയിടങ്ങളും പൊട്ടിയിളകി. കല്ലാര്‍, ആനപ്പാറ, മണലി തുടങ്ങി പലയിടങ്ങളിലും ആറ്റിലൂടെ നടന്നാണ് ആദിവാസികള്‍ പോകുന്നത്. ആനപ്പാറ തലത്തൂതക്കാവില്‍ 25 വര്‍ഷം മുന്‍പ് നശിച്ച പാലം ഇനിയും നിര്‍മിച്ചിട്ടില്ല. ആനപ്പാറ, വിതുര സ്‌കൂളുകളിലേക്ക് കുട്ടികള്‍ വേനല്‍ക്കാലത്ത് ആറിലൂടെ നടന്നാണ് പോകുക. മഴക്കാലത്ത് കിലോമീറ്ററുകള്‍ ചുറ്റിയാണ് ഇവരുടെ യാത്ര. കല്ലാര്‍ 26-ാംനമ്പര്‍ വളവിനടുത്തുള്ള കമ്പിപ്പാലത്തിന്റെ അടിത്തട്ട് ഇളകിയതായി പരാതിയുണ്ട്.
ആറ്റില്‍നിന്നുള്ള കല്ലുകെട്ടാണ് ഇടിഞ്ഞു തുടങ്ങിയത്. 2005-10 വര്‍ഷത്തില്‍ പഞ്ചായത്താണ് പാലം നിര്‍മിച്ചത്. കൊങ്ങമരുതുമ്മൂട്, മുല്ലക്കാട്, മൊട്ടമൂട്, ചെമ്പിക്കുന്ന് തുടങ്ങിയ ഊരുകളുടെ ഏക ആശ്രയമാണ് ഈ പാലം. അതിനു മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിര്‍മിച്ച പാലം 92ലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."