തന്റേതല്ലെന്ന സംശയം: യു.പിയില്‍ പിതാവ് രണ്ട് മക്കളെ കത്രിക കൊണ്ട് കുത്തിക്കൊന്നു
മൊറാദാബാദ്: ഭാര്യക്ക് അവിഹത ബന്ധമുണ്ടെന്നും മക്കള്‍ തന്റേതല്ലെന്നുമുള്ള സംശയത്തില്‍ മക്കളില്‍ രണ്ടുപേരെ കത്രിക കൊണ്ട് കുത്തിക്കൊന്ന പിതാവ് പൊലിസ് പിടിയില്‍. മൊറാദാബാദ് നിര്മലാപൂര് ഗ്രാമത്തിലെ തയ്യല്‍ക്കാരനായ റൊഹ്താഷാണ് ക്രൂരകൃത്യം നടത്തിയത്. കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് ശക്തമായി വിശ്വസിച്ചിരുന്ന ഇയാള്‍ തന്റെ നാലു മക്കളുടെ പിതൃത്വത്തിലും സംശയിച്ചിരുന്നു. തുടര്‍ന്ന് എല്ലാവരെയും കൊല്ലാന്‍ തീരുമാനിച്ച ഇയാള്‍ കഴിഞ്ഞ ഒന്‍പതിന് രാത്രി 10.30ഓടെ വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന മക്കളായ രവി, ആകാശ്, സലോനി എന്നിവരെ തയ്യലിന് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നീട് താഴേക്ക് വരികയും അവിടെ ഉറങ്ങിക്കിടന്ന നാലാമത്തെ മകള്‍ ശിവാനിയെയും ഭാര്യയെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. രവി, ആകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."