ധൃതിയും സാവകാശവും
ധൃതി പറഞ്ഞു:
''ഞാന്‍ ക്ഷമയുടെ ബദ്ധവൈരി. പിശാചിന്റെ ഉറ്റബന്ധു. എന്റെ വസ്ത്രവും പാര്‍പ്പിടവും ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ നിര്‍മിക്കപ്പെട്ടതായതിനാല്‍ അതിദുര്‍ബലമാണ്. ഒന്നു വലിച്ചാല്‍ കീറിപ്പോരുന്നതാണെന്റെ വസ്ത്രം. ചെറിയൊരു കാറ്റടിച്ചാല്‍ പൊളിഞ്ഞുവീഴുന്നതാണെന്റെ വീട്.
ഞാനൊരിക്കലും വേവിയ ഭക്ഷണം കഴിച്ചിട്ടില്ല. പാകമായ പഴവും കഴിച്ചിട്ടില്ല. പുളിച്ചതും കൈപ്പേറിയതുമായ പഴം മാത്രമേ എനിക്കു കഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ചൂടു മാറാത്ത ഭക്ഷണം മാത്രം കഴിച്ചിട്ട് എന്റെ നാവ് പല തവണ പൊള്ളിയിട്ടുണ്ട്. ഞാന്‍ ഒറ്റ മുറുക്കിന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു തീര്‍ക്കും. രണ്ടു മൂന്നു പിടിയില്‍ ഒരു പ്ലൈറ്റ് ചോറു തിന്നുതീര്‍ക്കും. അതുമൂലം ചങ്കില്‍ കെട്ടിയത് എത്രതവണയാണെന്നത് ഇപ്പോള്‍ ഓര്‍മയില്ല.
ഞാന്‍ വിവാഹിതനായിരുന്നു. പക്ഷെ, എനിക്കിപ്പോള്‍ ഭാര്യയില്ല. വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍തന്നെ ഭാര്യയെ മൊഴി ചൊല്ലി വിട്ടതാണ്. ഞാന്‍ വിദ്യാലയത്തില്‍ പോയിട്ടുണ്ടെങ്കിലും ഒരു കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടില്ല.
ഏറ്റവും കൂടുതല്‍ വാഹനപകടങ്ങള്‍ വരുത്തിവച്ച വ്യക്തി എന്ന ഖ്യാതി എനിക്കാണ്. കുറ്റവാളികളെന്നു കരുതി നിരപരാതികളെ അനേക തവണ ഞാന്‍ മര്‍ദിച്ചിട്ടുണ്ട്. പലരെയും കൊന്നൊടുക്കിയിട്ടുണ്ട്. കാള പെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്തോടിയ വ്യക്തിയാണു ഞാന്‍. ഞാനൊരിക്കലും പ്രാര്‍ത്ഥിക്കാറില്ല. കാരണം, പ്രാര്‍ത്ഥിച്ചിരിക്കാന്‍ എനിക്കു സമയം കിട്ടാറില്ല.
എനിക്കു ബാഹ്യഭാഗം മാത്രം കണ്ടാല്‍ മതി. അകത്തേക്കൊരിക്കലും കയറിനോക്കേണ്ടതില്ല. പട്ടില്‍ പൊതിഞ്ഞ പാഷാണം തന്നു നോക്കൂ, ഞാന്‍ വേഗം സ്വീകരിക്കും. അതേസമയം പാഷാണത്തില്‍ പൊതിഞ്ഞ പട്ടു തന്നാല്‍ ഞാന്‍ സ്വീകരിച്ചേക്കില്ല. മിന്നുന്നതെല്ലാം എനിക്കു പൊന്നാണ്. അന്ത്യഫലം എന്തോ ആകട്ടെ, എനിക്കു തുടക്കം മാത്രം കണ്ടാല്‍ മതി.
ഞാനാരോടും എപ്പോഴും എന്തും പറയും. സമയവും സാഹചര്യവും പരിഗണിക്കാന്‍ എനിക്കു നേരമില്ല. പറഞ്ഞശേഷമാണു ഞാന്‍ അതേ കുറിച്ച് ചിന്തിക്കുക. ഞാനെഴുതിയ ലേഖനങ്ങളില്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞുനില്‍പ്പാണ്. കാരണം, പുനഃപരിശോധിക്കാന്‍ എനിക്കു സമയമില്ലായിരുന്നു. എന്റെ പ്രഭാഷണങ്ങള്‍ കേട്ടുനോക്കൂ, നിറയെ അബദ്ധങ്ങള്‍ കേള്‍ക്കാം. കാരണം, ഒരുങ്ങാന്‍ ഞാന്‍ സമയം കണ്ടെത്താറില്ല.''
സാവകാശം പറഞ്ഞു:
''ഞാന്‍ ക്ഷമയുടെ ഉറ്റതോഴന്‍. പിശാചിന്റെ ബദ്ധവൈരി. അല്‍പം സമയമെടുത്താലും വിചാരിച്ചതെന്തും നേടിയെടുക്കാന്‍ എനിക്കു സാധിക്കാറുണ്ട്. ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നതിനാല്‍ എന്റെ ആരോഗ്യം സുഭദ്രം. പഴുത്തു പാകമായ പഴങ്ങളാണെനിക്ക് ലഭിക്കാറുള്ളത്. വെന്തു പാകമായ ഭക്ഷണങ്ങളാണു ഞാന്‍ കഴിക്കാറുള്ളത്. ഒരിക്കല്‍ പോലും അന്നപാനീയങ്ങള്‍ എന്റെ ചങ്കില്‍ കെട്ടിയിട്ടില്ല. പയ്യെ തിന്നുന്നതിനാല്‍ മുള്ളുവരെ ഞാന്‍ തിന്നാറുണ്ട്.
ഞാന്‍ വിവാഹിതനാണ്. ഭാര്യയോടൊന്നിച്ചുള്ള എന്റെ ദാമ്പത്യജീവിതം സുഖകരം. ഞങ്ങള്‍ തമ്മില്‍ ചില്ലറ പിണക്കങ്ങളുണ്ടാകാറുണ്ടെങ്കിലും അതിവേഗം അതു പരിഹൃതമാകും. ഞാന്‍ ഇന്നേവരെ വാഹനപകടത്തില്‍ പെട്ടിട്ടില്ല. അമിത വേഗത മൂലം പിഴയടക്കേണ്ടി വന്നിട്ടുമില്ല. ഞാന്‍ ഡ്രൈവറായ വാഹനത്തില്‍ കയറാന്‍ ചിലര്‍ക്ക് പ്രയാസമുണ്ടാകാറുണ്ട്. എന്നാല്‍ ഒരാള്‍ക്കും ഭയമുണ്ടാകാറില്ല. എന്റെ എതിരാളിയായ ധൃതി ഡ്രൈവറായാല്‍ ആളുകള്‍ക്ക് വലിയ ആവേശമാണ്. എന്നാല്‍ യാത്രയില്‍ അവര്‍ ചകിതചിത്തരായിരിക്കും.
ഞാനേതും പരിശോധിച്ചശേഷമേ വാങ്ങാറുള്ളൂ. ബാഹ്യം കണ്ട് അകം വിലയിരുത്താറില്ല. അകത്തുചെന്നു നോക്കി ശരിക്കും പഠിച്ചശേഷമേ അതിനെ കുറിച്ച് നിലപാടുകള്‍ സ്വീകരിക്കാറുള്ളൂ. ഞാനെഴുതിയ പുസ്തകങ്ങള്‍ പരിശോധിച്ചുനോക്കൂ, ഒരു അക്ഷരപ്പിഴ പോലും അതില്‍ കാണില്ല. പലതവണ പുനഃപരിശോധന നടത്തിയശേഷമാണ് ഞാനതു പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. ഒരു തെറ്റു പോലും അതില്‍ കേള്‍ക്കാന്‍ കഴിയില്ല. പല തവണ പഠിച്ചശേഷമാണ് ഞാന്‍ പ്രഭാഷണത്തിനു മുതിരാറുള്ളത്. പറഞ്ഞതിന്റെ പേരില്‍ ഖേദിക്കേണ്ടി വന്നിട്ടില്ല എനിക്ക്. പറയുന്നതിനു മുന്‍പ് പല തവണ അതേ കുറിച്ച് ചിന്തിക്കാറുണ്ട്. പറയേണ്ടതാണെങ്കില്‍ മാത്രമേ പറയാറുള്ളൂ.
എനിക്കെന്തും വേഗം കിട്ടണമെന്ന വാശിയില്ല. സമയത്തിനു കിട്ടണമെന്ന ആഗ്രഹം മാത്രമേയുള്ളൂ. എടുത്തു ചാട്ടം എനിക്ക് പണ്ടേ അലര്‍ജിയാണ്. എനിക്ക് ഞാന്‍ സഞ്ചരിക്കുന്ന ഓരോ വഴികളെ കുറിച്ചും അറിയാം. എനിക്ക് അനുഭവങ്ങള്‍ ഏറെയാണ്. പലതിലും ഞാന്‍ ധൃതിയെ തോല്‍പിച്ചിട്ടുണ്ട്. ധൃതിക്ക് കിട്ടാത്ത മെഡലുകള്‍ ഞാന്‍ അനേക തവണ സ്വന്തമാക്കിയിട്ടുണ്ട്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."