ഭൂമാനന്ദ തീര്‍ത്ഥക്ക് സ്‌നേഹാദരവുമായി നാട്
വടക്കാഞ്ചേരി: ഹൈന്ദവ സമുദായത്തിലെ ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജീവിതം പോരാട്ടമാക്കി മാറ്റിയ സ്വാമി ഭൂമാനന്ദ തീര്‍ത്ഥയ്ക്ക് ശതാഭിഷിക്ത നിറവ്. ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍, വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനം മഠാധിപതി എന്നീ നിലകളില്‍ സുപ്രസിദ്ധനായ സ്വാമി എളവൂര്‍ തൂക്കം നിര്‍ത്തലാക്കുന്നതിന് വലിയ പോരാട്ടം ഏറ്റെടുക്കുകയും വിജയം നേടുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവര്‍ണര്‍ക്കും പഞ്ചവാദ്യ സേവ അനുവദിപ്പിക്കുന്നതിലും, കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെ അശ്ലീലങ്ങള്‍ക്കെതിരെ പോരാടിയും ഈ സംന്യാസി ശ്രേഷ്ഠന്‍ ജനങ്ങളുടെ മനം കീഴടക്കി.
ലോകമെങ്ങും അനുയായി വൃന്ദമുള്ള ഭൂമാനന്ദ തീര്‍ത്ഥ ജ്ഞാന നിഷ്ഠയുടെ നിസ്സീമമായ അനുഗ്രഹം കൂടിയാണ്. 1933 മെയ് 13ന് വടക്കാഞ്ചേരിക്കടുത്ത് പാര്‍ളിക്കാട് ഗ്രാമത്തില്‍ ജനിച്ച ഭൂമാനന്ദ തീര്‍ത്ഥ 60 വര്‍ഷം മുമ്പാണ് സംന്യാസം സ്വീകരിച്ചത്. 23-ാം വയസിലായിരുന്നു സന്യാസിയായത്. 1963 ലാണ് തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ നാരായണാശ്രമ തപോവനം സ്ഥാപിച്ചത്. ധര്‍മ്മ സംസ്ഥാപന പോരാട്ടങ്ങളില്‍ മുന്‍ നിരയില്‍ നിന്നത് സ്വാമിജിയുടെ പ്രവര്‍ത്തന വിജയമാണ്.
ശതാഭിഷിക്തനായ ഭൂമാനന്ദ തീര്‍ത്ഥക്ക് ജന്മനാട്ടില്‍ സ്‌നേഹാദരണം നല്‍കുന്നത് പാര്‍ളിക്കാട് നൈമിഷാരണ്യത്തിലെ ഭാഗവത തത്ത്വസമീക്ഷാ സത്ര സമിതിയാണ്. മെയ് 20ന് രാവിലെ 10 ന് വ്യാസഗിരിയിലെ വേദവ്യാസ ഭവനില്‍ വെച്ചാണ് ആദരണ സമ്മേളനം. ആധ്യാത്മിക വിഷയങ്ങളെ ആസ്പദമാക്കി ദ്വിദിന പ്രബന്ധാവതരണവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സാധു പ്രൊഫസര്‍ പദ്മനാഭന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമാദരണ സഭയുടെ ഉദ്ഘാടന ചടങ്ങില്‍ ഡോ. ഇ ശ്രീധരന്‍ അധ്യക്ഷനാകും. സ്വാമിജിയെ സംബന്ധിച്ച സംക്ഷിപ്ത ചലചിത്രത്തിന്റെ അവതരണവും ഉണ്ടാകും. ദക്ഷിണാമൂര്‍ത്തി ക്ഷേത്ര നടയ്ക്കല്‍ വെച്ച് സ്വാമിജിമാരെ ഹാരാര്‍പ്പണം നടത്തി പൂര്‍ണ്ണ കുഭം നല്‍കി സ്വീകരിക്കും. എ.കെ.ബി നായര്‍, സ്വാമി അധ്യാല്‍ മാനന്ദ, ഡോ. ലക്ഷമീ ശങ്കര്‍, ഡോ. ലക്ഷ്മി കുമാരി, എന്നിവരാണ് പ്രബന്ധാവതരണം നടത്തുക. വാര്‍ത്താ സമ്മേളനത്തില്‍ കെ.വിജയന്‍ മേനോന്‍, എ.കെ ഗോവിന്ദന്‍, പി.എം ഉണ്ണിക്കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."