ഇനി പെന്‍ഷനും ഇല്ല; മറിയംബീവിയെ മരിച്ചവര്‍ക്കൊപ്പം തള്ളി സര്‍ക്കാര്‍
കൊട്ടിയം: മറിയം ബീവിയെ മരിച്ചവര്‍ക്കൊപ്പം തള്ളി കേരളസര്‍ക്കാര്‍. ശതാഭിഷക്തയായി ജീവിതം തുടരുന്ന മറിയം ബീവിയെ മരിച്ചവര്‍ക്കൊപ്പം തള്ളി. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്ന അനര്‍ഹരെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ പെന്‍ഷന്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കിയത്. ഈ പരിഷ്‌കരണത്തിലെ പാളിച്ചകളാണ് മറിയംബീവിയെപ്പോലെ ആയിരങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചിരിക്കുന്നത്.
കൊല്ലം നെടുമ്പന പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കുളപ്പാടം ചരുവിള വീട്ടില്‍ മറിയംബീവി എന്ന വയോധികയെയാണ് സര്‍ക്കാര്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിലൂടെ മരിച്ചവരുടെ കൂട്ടത്തില്‍ തള്ളിയത്. ജീവിച്ചിരിക്കെ പരേതര്‍ക്കൊപ്പം തള്ളപ്പെട്ടതിന്റെ ദുഃഖത്തേക്കാള്‍ ഏക ആശ്രയമായ ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ടതിലുള്ള ദുരിതമാണ് ഇവരെ അലട്ടുന്നത്.
അര്‍ബുദ ബാധിതനായ മൂത്ത മരുമകനും മകള്‍ക്കും ഒപ്പമാണ് മറിയംബീവി താമസിക്കുന്നത്. അന്ധയും ബധിരയും മൂകയുമായ ഇളയ മകളെ സംരക്ഷിക്കേണ്ട ബാധ്യത കൂടി ഈ പ്രായത്തിലും മറിയംബീവിക്കുണ്ട്.
വാര്‍ധക്യകാല പെന്‍ഷന്‍ ആയി ലഭിക്കുന്ന 1500 രൂപയായിരുന്നു ഇവരുടെ അത്താണി. പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്നിനും മറ്റും നിവൃത്തിയില്ലാതായി. വീട്ടില്‍ എത്തിയിരുന്ന പെന്‍ഷന്‍ ലഭിക്കാതെ വന്നതിന്റെ കാരണം തിരക്കിയപ്പോഴാണ് താന്‍ മരിച്ചു പോയതാണെന്ന സര്‍ക്കാരിന്റെ കണ്ടെത്തല്‍ മറിയംബീവി അറിയുന്നത്. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും സര്‍ക്കാരോഫിസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."