ഖുര്‍ആന്‍ എഴുത്തിലെ ഉസ്മാനീ വിസ്മയം
ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്റെ നിലവിലെ സഊദിയില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രിന്റുകള്‍ ഒരാളുടെ കയ്യെഴുത്ത് ആണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വാസം വരില്ല. അത്രക്ക് സുന്ദരമായാണ് പ്രസിദ്ധ ഖുര്‍ആന്‍ എഴുത്തുകാരന്‍ ശൈഖ് ഉസ്മാന്‍ ത്വാഹ അത് തന്റെ കൈപ്പടയില്‍ എഴുതി പൂര്‍ത്തിയാക്കിയത്. മാസ്റ്റര്‍ കോപ്പി എഴുതി പൂര്‍ത്തിയാക്കി പിന്നീട് മദീനയിലെ വിഖ്യാതമായ ഖുര്‍ആന്‍ പ്രിന്റിങ് പ്രസില്‍ നിന്നും പുറത്തിറങ്ങുന്നത് ഇദ്ദേഹത്തിന്റെ കൈപ്പടയിലെ അക്ഷര പുഷ്പങ്ങളാണ്.
കാലിഗ്രഫിയില്‍ നിന്ന് തുടക്കം
മദീനയിലെ കിങ്് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്സില്‍ നിന്നു പുറത്തിറങ്ങുന്ന ദശ ലക്ഷക്കണക്കിനു മുസ്ഹഫ് കോപ്പികളുടെ കൈപ്പട ശൈഖ് ഉസ്മാന്റേതാണ്. സിറിയന്‍ സ്വദേശിയായ ഇദ്ദേഹം സിറിയന്‍ കാലിഗ്രഫിയില്‍ പ്രശസ്തനായിരുന്നു. ആറാം വയസില്‍ തന്നെ കാലിഗ്രഫിയില്‍ കൈവച്ചു. 1988 ല്‍ സിറിയയില്‍ നിന്ന് സഊദിയിലെത്തിയ ഉസ്മാന്‍ ത്വാഹ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്സില്‍ ഖുര്‍ആന്‍ എഴുതുന്ന ജോലിക്ക് നിയമിതനാവുകയായിരുന്നു. 1970 ലാണ് ഉസ്മാന്‍ ത്വാഹ ആദ്യമായി ഖുര്‍ആന്‍ തന്റെ കൈപ്പടയില്‍ എഴുതിയത്. സിറിയന്‍ ഔഖാഫിനു വേണ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും കൈപ്പടയില്‍ എഴുതി പൂര്‍ത്തിയാക്കിയത്.
വിശ്രമമില്ലാതെ തുടരും
85 വയസ് കഴിഞ്ഞ ഉസ്മാന്‍ ത്വാഹക്ക് ആദരവ് നല്‍കിയ സഊദി ഭരണകൂടം, അദ്ദേഹത്തിന്റെ നൈപുണ്യം കണക്കിലെടുത്ത് തുടര്‍സേവനം ആവശ്യപ്പെടുകയും ശിഷ്ടകാലം നിലവിലെ ജോലിയില്‍ ഖുര്‍ആന്‍ കയ്യെഴുത്തുമായി തുടരാന്‍ അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്. കരാര്‍ കാലാവധി അവസാനിക്കാനിരിക്കേ കരാര്‍ പുതുക്കിക്കൊണ്ട് സഊദി മതകാര്യ വകുപ്പ് മന്ത്രിയും കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് പ്രസ് സൂപ്പര്‍വൈസറുമായ ഡോ. അബ്ദുലത്തീഫ് ആലു ശൈഖ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
എഴുത്തിന്റെ മാസ്മരികത
കംപ്യൂട്ടര്‍ പ്രിന്റിങ് അക്ഷരങ്ങളെ പോലും വെല്ലുവിളിക്കുന്ന എഴുത്തിനുടമയായ ഉസ്മാന്‍ ത്വാഹയുടെ കൈ കൊണ്ടെഴുതിയ ഖുര്‍ആനിന്റെ 20 കോടിയിലധികം കോപ്പികളാണ് ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്സ് ആയ മദീയിലെ ഖുര്‍ആന്‍ പ്രിന്റിങ് പ്രസില്‍ നിന്ന്, നാനാ ഭാഗത്തേക്കും ഖുര്‍ആന്‍ വിതരണം ചെയ്യുന്നുണ്ട്. ദിനംപ്രതി ഇവിടെയെത്തുന്ന പതിനായിരക്കണക്കിന് വിശ്വാസി സന്ദര്‍ശകര്‍ക്ക് സൗജന്യമായി വിതരണവും ചെയ്യുന്നുണ്ട്. ഈ കോപ്പികളില്‍, എഴുതിയ ആളെന്ന നിലയ്ക്ക് ഉസ്മാന്‍ ത്വാഹയുടെ പേരും തെളിഞ്ഞു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."