സ്‌കൂള്‍ ഓഫ് മ്യൂസിക് മാനേജിങ് ഡയറക്ടര്‍ രാജു മാസ്റ്റര്‍ക്ക് റെക്കോഡ്
തൃശൂര്‍: മ്യൂസിക് സെന്റര്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ മാനേജിങ് ഡയറക്ടര്‍ രാജു മാസ്റ്റര്‍ക്ക് വീണ്ടും റെക്കോഡ്. ലോകത്തില്‍വച്ച് ഏറ്റവും നീളം കൂടിയ സ്‌റ്റേജില്‍ സംഗീത വിരുന്നൊരുക്കിയാണ് അദ്ദേഹം ഇന്ത്യാ ബുക്കിന്റെയും ഏഷ്യാ ബുക്കിന്റെയും റെക്കോഡ് കരസ്ഥമാക്കിയത്. 53 മീറ്റര്‍ നീളത്തില്‍ മൂന്നു വരികളായി 66 ഓര്‍ഗണ്‍, 54 വയലിന്‍ എന്നീ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് 176 കുട്ടികളെ അണിനിരത്തി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കര്‍ണാടകസംഗീതം തുടങ്ങിയ മാധ്യമങ്ങളിലായിരുന്നു സംഗീതവിരുന്നൊരുക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് അരണാട്ടുകര നേതാജി ഗ്രൗണ്ടിലായിരുന്നു പരിപാടി.
മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഗിന്നസ്, ലിംക, ഇന്ത്യാബുക്ക്, ഏഷ്യാബുക്ക് പ്രതിനിധികള്‍, റെക്കോഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചാള്‍സണ്‍ ഏഴിമല, സെക്രട്ടറി സാജു വേലിക്കുന്നേല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഗീതവിരുന്ന് അരങ്ങേറിയത്.
ഈ പരിപാടിക്കാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡും ലഭിച്ചതെന്നു ചാള്‍സണ്‍ ഏഴിമല, സാജു വേലിക്കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ രേവതി നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്റെ അഡ്ജുഡിക്കേറ്റര്‍ ഡോ. ഗിന്നസ് മാടസ്വാമിയും ചാള്‍സണും സാജുവും പ്രസ് ക്ലബില്‍വച്ച് റെക്കോഡുകളുടെ സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും രാജു മാസ്റ്റര്‍ക്ക് സമ്മാനിച്ചു. 2011 നവംബറില്‍ 136 കുട്ടികളെ ഒരുമിച്ച് ചേര്‍ത്ത് ഓര്‍ഗണില്‍ സംഗീതവിരുന്നൊരുക്കി ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോഡിലും ലോക റെക്കോഡ് കരസ്ഥമാക്കിയ രാജു ഇപ്പോള്‍ റെക്കോഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ്. സംഗീതോപകരണങ്ങള്‍ പഠിപ്പിക്കുന്നതില്‍ നാല് റെക്കോഡുകള്‍ കരസ്ഥമാക്കിയ ഇന്ത്യയിലെ ഏക വ്യക്തിയെന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തം. 14 വര്‍ഷമായി അയ്യന്തോളില്‍ സംഗീതവിദ്യാലയം നടത്തുന്ന രാജുവിന് തന്റെ കീഴില്‍ പഠിക്കുന്ന കുട്ടികള്‍ കൂടുതല്‍ ഉയരത്തിലെത്തണമെന്ന ആഗ്രഹമാണ് റെക്കോഡിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."