നഷ്ടക്കണക്കു വിളിച്ചുപറയുന്നതിലെ ഉദ്ദേശ്യമെന്ത്
നല്ല ലാഭത്തില്‍ നടന്നുകൊണ്ടിരുന്ന കരിപ്പൂര്‍ വിമാനത്താവളം ഇപ്പോള്‍ നഷ്ടത്തിലാണെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരവുചെലവു കണക്ക് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു. നേരത്തേയുണ്ടായിരുന്ന വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയതിനാല്‍ ചരക്കുനീക്കം കുറഞ്ഞതാണു കാരണമെന്നും യാത്രക്കാരുടെ കുറവുകൊണ്ടല്ലെന്നും അതോറിറ്റി പറയുന്നുണ്ട്. കരിപ്പൂരിന്റെ ഇടത്തുംവലത്തുമായി സ്വകാര്യമേഖലയില്‍ രണ്ടു വിമാനത്താവളങ്ങളുണ്ടായിരിക്കെ പുതിയ നഷ്ടത്തിന്റെ കണക്കു പറഞ്ഞു കഴുത്തിനു പിടിക്കാനുള്ള ചൂണ്ടയാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു കാര്യം മനസ്സിലാക്കാം. നമ്മുടെ രാജ്യത്തു സ്വകാര്യമേഖലയിലല്ലാത്ത വല്ല സംരംഭവും വിജയകരമായി നടക്കുന്നുവെങ്കില്‍ പിന്നീട് അതിന്റെ നശീകരണമാണു കാണാന്‍ കഴിയുക. ഒന്നുകില്‍, ഏതെങ്കിലും വന്‍കിടക്കാര്‍ അതിനെ വിഴുങ്ങും, അല്ലെങ്കില്‍ അതിനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ അണിയറയില്‍ ആളുണ്ടാകും.
എയര്‍ ഇന്ത്യയും, കെ.എസ്.ആര്‍.ടി.സിയും കരകയറാത്തതു യാത്രക്കാരുടെ കുറവുകൊണ്ടു മാത്രമല്ലല്ലോ. രാജ്യത്തെ പല വ്യവസായ സ്ഥാപനങ്ങളുടെയും കഥ ഇതു തന്നെ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആവശ്യത്തിലധികം ജീവനക്കാരുണ്ടോയെന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്. ഉന്നതങ്ങളിലെ സ്വാധീനമുപയോഗിച്ച് ആവശ്യമില്ലാത്ത തസ്തികകളുണ്ടാക്കി ആളെക്കയറ്റുന്നതായി ആരോപണം ഉണ്ടായിരുന്നു.
വിമാനത്താവളത്തിനകത്തുള്ള പലര്‍ക്കും എന്താണു തങ്ങളുടെ ഡ്യൂട്ടിയെന്നു പോലും അറിയില്ലെന്നാണ് പറയുന്നത്. കരിപ്പൂരിലേതുപോലെ മറ്റൊരിടത്തും ഇത്രയും വലിയ ആള്‍ബലം കാണുന്നുമില്ല. ഒരു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥയാണു കരിപ്പൂരിനു പറയാനുള്ളത്. അതു നഷ്ടങ്ങളുടെ പേരുപറഞ്ഞു സമയം കളയാതെ പഴയപ്രതാപത്തിലേയ്ക്കു തിരിച്ചു കൊണ്ടുവരികയാണു വേണ്ടത്. ബന്ധപ്പെട്ടവരില്‍നിന്ന് നാട് ആഗ്രഹിക്കുന്നതും ഇതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."