പ്രളയബാധിതരെ കാണാന്‍ ടൂറിസ്റ്റുകള്‍ എത്തുമെന്ന് മന്ത്രി ജി.സുധാകരന്
ആലപ്പുഴ: നൂറ്റാണ്ട് കണ്ട മഹാ പ്രളയത്തെ അതിജീവിച്ച കേരളത്തിലെ അത്ഭുത മനുഷ്യരെ കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനം വരാന്‍ പോവുകയാണെന്നും സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ ഇത് പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നും പൊതുമരാമത്തു മന്ത്രി ജി. സുധാകരന്. ആലപ്പുഴ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ നിധി സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടൂറിസം മേഖലയില്‍ വലിയ കുഴപ്പം ഉണ്ടാകുമെന്ന ചിലരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും മരിച്ചത് മുന്നൂറോളം പേര് മാത്രമാണ്. മൂന്നരലക്ഷത്തോളം കുട്ടനാട്ടുകാരെ രക്ഷിച്ചത് ഒരു പോറല്‍ പോലും ഇല്ലാതെയാണ.്
ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ കൊച്ചു കേരളത്തെ വിസ്മയത്തോടെയാണ് ലോകം കാണുന്നത്. ഈ പ്രവര്‍ത്തി കാണാന്‍ അവര്‍ വരുന്നതോടെ പുതിയൊരു ടൂറിസം സംസ്കാരത്തിനും കേരളം സാക്ഷിയാകുമെന്ന് മന്ത്രി വ്യക്തമാക്കി. അന്തിമമായി പ്രകൃതിയുമായുള്ള ബന്ധം നിരാകരിച്ച മലയാളി എല്ലാത്തിനും അതീതനാണെന്ന് ചിന്തിച്ചു. പരിസ്ഥിതിക്ക് ഒരു പ്രാധാന്യവും നല്‍കാതിരുന്നതിന് തിരിച്ചടിയാണിത്.
കുട്ടനാട്ടിലെ പാലങ്ങള്‍ എല്ലാം ശത്രുക്കള്‍ ആവുന്ന കാഴ്ചയാണ് കണ്ടത്.ഈ സ്ഥിതി മാറി പുതിയൊരു സാമൂഹിക വിദ്യാഭ്യാസം ആര്‍ജിക്കാന്‍ സമയമായെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭക്ഷ്യ മന്ത്രി പി. തിലോത്തമന് പ്രസംഗിച്ചു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ കെ.ടി മാത്യു, കലക്ടറുടെ ചുമതലയുള്ള എന്‍. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."