പെന്‍ഷന്‍ ആനുകൂല്യം: കേന്ദ്ര വിഹിതം നാലുമാസത്തിനുള്ളില്‍ നല്‍കണം
കൊച്ചി: സാമൂഹികക്ഷേമ ബോര്‍ഡിലെ മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട കുടിശ്ശിക വിഹിതം നാലുമാസത്തിനുള്ളില്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സാമൂഹികക്ഷേമ ബോര്‍ഡിന് രൂപം നല്‍കിയപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി ചെലവു വഹിക്കണമെന്നായിരുന്നു വ്യവസ്ഥ.
ഇരു സര്‍ക്കാരും 50 ശതമാനം വീതം ചെലവു നല്‍കിയാല്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് 1979 ല്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി നടപ്പാക്കുന്നത് നീണ്ടുപോയി. പിന്നീട് 1991 ഏപ്രില്‍ ഒന്നു മുതല്‍ 2001 മാര്‍ച്ച് 31വരെ സര്‍വിസില്‍ കയറിയവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സ്‌കീമും തയാറാക്കി.
ഇതിനായി 2014 ല്‍ സംസ്ഥാന സര്‍ക്കാര്‍ 28 ലക്ഷം രൂപ വിഹിതം നല്‍കി. എന്നാല്‍ കേന്ദ്ര വിഹിതം ലഭിച്ചില്ല. എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം തുടങ്ങിയെന്നും ഹരജിയില്‍ പറയുന്നു.
ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയവും കേന്ദ്ര സാമൂഹികക്ഷേമ ബോര്‍ഡും പെന്‍ഷന്‍ വിഹിതത്തിലെ കുടിശ്ശിക നല്‍കാന്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
കേന്ദ്ര വിഹിതം കുടിശ്ശികയായതോടെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം മാത്രമാണ് പെന്‍ഷനായി ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡിലെ മുന്‍ ജീവനക്കാരനായ കോഴിക്കോട് ചേവായൂര്‍ സ്വദേശി എം.പി. ജനാര്‍ദനന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."