വ്യാജ വിഡിയോ; കുമ്മനം രാജശേഖരനെതിരേ കേസെടുത്തു
തിരുവനന്തപുരം/ കണ്ണൂര്‍: പയ്യന്നൂരിലെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു എന്ന് ആരോപിച്ച് വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
കുമ്മനം പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി സെന്‍കുമാര്‍ കണ്ണൂര്‍ എസ്.പി ജി.ശിവവിക്രമിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനത്തിനെതിരേ കേസെടുത്തത്. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ.മുജീബ് റഹ്മാന് ഡി.ജി.പിക്കും നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് സെന്‍കുമാര്‍ അറിയിച്ചിരുന്നു.
അതിനിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് സി.പി.എം ആഹ്ലാദപ്രകടനത്തിന്റെ വിഡിയോ തന്നെയെന്ന് കുമ്മനം ഇന്നലെയും ആവര്‍ത്തിച്ചു. ഈ പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നതായും പൊലിസ് കേസ് എടുക്കട്ടെയെന്നും ജയിലില്‍ പോകാന്‍ തയാറാണെന്നും കുമ്മനം പറഞ്ഞു.
ദൃശ്യങ്ങള്‍ വ്യാജമാണെന്നും പരിശോധിച്ച ശേഷം പൊലിസ് കേസെടുക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കുമ്മനം പ്രചരിപ്പിച്ച വിഡിയോ വ്യാജമാണെന്നും പൊലിസ് നടപടിയെടുക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."