തിരുവനന്തപുരം: എക്സ്. എം.പി. എന്ന ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിച്ചിട്ടില്ലെന്ന് ആറ്റിങ്ങല്‍ മുന്‍ എം.പി അഡ്വ എ. സമ്പത്ത്. സമ്പത്തിന്റെ കാറെന്ന തരത്തില്‍ എക്സ്. എം.പി എന്ന ചുവന്ന ബോര്‍ഡ് വച്ച കാറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം അടക്കമുള്ളവര്ഡ ഈ ചിത്രം പങ്കുവച്ചിരുന്നു.
എക്സ്. എം.പി. ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിച്ചിട്ടില്ലെന്നും ചിത്രം ചിലപ്പോള്‍ വ്യാജമായിരിക്കുമെന്നും സമ്പത്ത് പറഞ്ഞു.
ഈ ചിത്രം വ്യാജമാണെന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഈ വാഹനം ഓടിച്ച സമ്പത്തിന്റെ സുഹുത്ത് പ്രസാദ് ഏലംകുളം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട്. താനോ തന്റെ കൂട്ടുകാരോ സഖാക്കളോ കാണാത്ത ഒരു ബോര്‍ഡ് എങ്ങനെയാണ് വാഹനത്തില്‍ വന്നതെന്ന് പ്രസാദ് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒന്നും മനസ്സില്‍ ആകുന്നില്ല…
എന്താ ഈ ലോകം ഇങ്ങനെ…
കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറില്‍ ഞാനാണ് വളയം പിടിച്ചിരുന്നത്. ഞങ്ങള്‍ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങള്‍ക്ക്, ഡി.വൈ.എഫ്.ഐ പഠനോത്സവത്തിന്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങള്‍ക്ക്, പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കാന്‍ വീട്ടില്‍, ആറ്റിങ്ങല്‍ എം.എല്‍.എ സഖാവ്. ബി. സത്യന്റെ പുലയനാര്‍ക്കോട്ടയില്‍ ഉള്ള അനുജന്റെ വസതിയില്‍, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ഓഫീസിലെ ക്ലര്‍ക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദര്‍ശനങ്ങള്‍. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോര്‍ഡ്.
കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല…
ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലര്‍ എന്നു മാധ്യമങ്ങള്‍ വാഴ്ത്തിയ സഖാവ് കെ അനിരുദ്ധന്റെ മകന് സഖാവ് സമ്പത്താണ് എന്ന് ഓര്‍ക്കണം.
ഇന്ന് സഖാവ് സമ്പത്തിന് കേരളത്തില്‍ സഞ്ചരിക്കാന്‍ ഒരു ബോര്‍ഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.