ശിരോവസ്ത്ര വിലക്ക്: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: എയിംസ് പ്രവേശന പരീക്ഷയെഴുതാന്‍ ശിരോവസ്ത്രം ധരിച്ച് ഹാജരാകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെയും എയിംസിന്റെയും വിശദീകരണം തേടി. കോഴിക്കോട് സ്വദേശിനികളായ ഫിദ ഫാത്തിമ, അയിഷ മഷൂറ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
മേയ് 28ന് നടക്കുന്ന പ്രവേശന പരീക്ഷ എഴുതാന്‍ ഹാജരാകുന്ന കുട്ടികള്‍ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയെയാണ് ഹരജിയില്‍ ചോദ്യം ചെയ്യുന്നത്. തങ്ങള്‍ മുസ്‌ലിം മതാചാരപ്രകാരം ജീവിക്കുന്നവരാണെന്നും സ്ത്രീകള്‍ മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചു പുറത്തിറങ്ങണമെന്ന മത ശാസന പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഹരജിയില്‍ പറയുന്നു.
ഇത്തിരി സമയത്തേക്ക് ആണെങ്കില്‍പോലും രക്തബന്ധമില്ലാത്ത പുരുഷന്മാരടക്കമുള്ളവര്‍ക്കു മുന്നില്‍ മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കാതെ എത്തരുതെന്നാണ് പ്രമാണം. ആ നിലയ്ക്ക് പ്രവേശന പരീക്ഷയ്ക്ക് ഹിജാബ് (ശിരോവസ്ത്രം) ധരിക്കാതെ ഹാജരാകാന്‍ കഴിയില്ല. എയിംസ് പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ ഭരണഘടന അനുവദിച്ചിട്ടുള്ള മതസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."