ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബി.ജെ.പിക്ക് അതൃപ്തി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തീവ്രഹിന്ദുത്വ മുഖമായ ഹിന്ദുയുവവാഹിനിയുടെ പെട്ടെന്നുള്ള വളര്‍ച്ചയില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും അതൃപ്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 2002ല്‍ ഹിന്ദുയുവവാഹിനി സ്ഥാപിച്ചത്. ഹിന്ദുയുവവാഹിനി സ്ഥാപകന്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെയാണ് സംസ്ഥാനത്ത് സംഘ്പരിവാറിന് സമാന്തരമായി സംഘടന വളരാന്‍ തുടങ്ങിയത്.
സംഘടനയുടെ പ്രവര്‍ത്തനത്തിലുള്ള നീരസം ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കള്‍ ആദിത്യനാഥിനെ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ചെയ്തു. ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനുപിന്നാലെ ആക്രമണങ്ങളും നിര്‍ബന്ധ പണപ്പിരിവും സംബന്ധിച്ച് ഹിന്ദുയുവ വാഹിനിക്കെതിരേ നിരവധി പരാതികള്‍ ബി.ജെ.പി നേതൃത്വത്തിന് ലഭിച്ചതും അവര്‍ക്കു തലവേദനയായിട്ടുണ്ട്.
ഗോസംരക്ഷണത്തിന്റെ പേരിലും മറ്റും സംഘടന നടത്തുന്ന ആക്രമണങ്ങള്‍ പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനെതിരായ വിഷയമായി ഉയര്‍ത്തിക്കഴിഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിലെ ക്രമസമാധാനത്തിന് ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ വിലങ്ങുതടിയായേക്കുമെന്ന ഭീതി ബി.ജെ.പി കേന്ദ്രനേതൃത്വത്തിനുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവുമധികം തലവേദനയായത് ഹിന്ദുയുവവാഹിനിയുടെ വിമത പ്രവര്‍ത്തനങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."