'പൊലിസിന് ഈ വീട്ടില്‍ കാര്യമുണ്ട്'
താമരശ്ശേരി: പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാറിന്റെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എ അഗസ്റ്റിന്റെയും മുന്‍ ഡിവൈ.എസ്.പി പി.സി സജീവന്റെയും ഇടപെടല്‍ മൂലം കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മല ലീലക്കും മക്കള്‍ക്കും വീടൊരുങ്ങി. ഭര്‍ത്താവ് ഉപേക്ഷിച്ച ലീലയും വിദ്യാര്‍ഥികളായ മൂന്നു മക്കളും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞ കുടിലിലായിരുന്നു താമസിച്ചിരുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലീല ഈ സ്ഥലത്ത് താമസക്കാരിയായി എത്തുന്നത്. പട്ടികജാതി ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വീട് നിര്‍മിക്കുന്നതിനായി നാലു ലക്ഷം രൂപയും സ്ഥലം വാങ്ങുന്നതിനായി 3,75,000 രൂപയും അനുവദിച്ചിരുന്നു. അഞ്ചു സെന്റ് സ്ഥലത്ത് നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തീകരിക്കണമെങ്കില്‍ ഈ തുക മതിയാകുമായിരുന്നില്ല. കൂലിപ്പണി ചെയ്ത് കഴിഞ്ഞുവരുന്ന ലീലക്കാകട്ടെ ഇതിന് കഴിയുകയുമില്ല. ഇതിനിടെയാണ് സാമൂഹ്യപ്രവര്‍ത്തകയും താമരശ്ശേരി പൊലിസ് സ്റ്റേഷനിലെ സ്വീപ്പറുമായ കെ. സരസയാണ് സബ് ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാറിനോട് ഇവരുടെ ദുരിതത്തെ കുറിച്ച് പറയുന്നത്. പിന്നീട് വീട് നിര്‍മാണത്തിനാവശ്യമായ വന്ന നാലു ലക്ഷത്തില്‍ പരം രൂപ പൊലിസ് തന്നെ സംഘടിപ്പിച്ചു. എസ്.ഐ സായൂജ് കുമാര്‍ പിതാവിന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ഏറ്റെടുത്തു. അഞ്ചുമാസം കൊണ്ട് അതിവേഗത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വീടുനിര്‍മാണത്തിനും വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിലും സുമനസുകള്‍ സഹായവുമായെത്തി.
ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ എസ്.ഐ സായൂജ് കുമാര്‍ വീടിന്റെ താക്കോല്‍ ലീലക്കു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, പഞ്ചായത്തംഗങ്ങളായ പി.സി തോമസ്, ബേബി ബാബു, വല്‍സമ്മ അനില്‍, കെ. സരസ, അനന്തന്‍, ടി.സി വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."