മദ്യപരായ മാതാപിതാക്കള്‍ പണത്തിനുവേണ്ടി ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു
ബൊക്കാറോ: ജാര്‍ഖണ്ഡില്‍ മുഴുക്കുടിയരായ രക്ഷിതാക്കള്‍ മദ്യപിക്കാനുള്ള പണത്തിനുവേണ്ടി തങ്ങളുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. അലക്കുകാരനായ രാജേഷ് ഹെംബ്രോ(30)യും 28 കാരിയായ ഭാര്യയും ബോധമറ്റ് മദ്യം കഴിക്കുന്നവരാണ്.
ഇവര്‍ക്ക് ദിനംപ്രതി മദ്യപിക്കാന്‍ ആവശ്യത്തിന് പണമില്ലാത്തതുകാരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് പൊലിസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പറയുന്നത്. 45,000 രൂപക്കാണ് കുട്ടിയെ വിറ്റതെന്ന് ഇവര്‍ പൊലിസിനെ അറിയിച്ചു. ദമ്പതികള്‍ക്ക് അഞ്ചു കുട്ടികള്‍ വേറെയുണ്ട്. കുട്ടികളെല്ലാം പത്തു വയസില്‍ താഴെയുള്ളവരാണ്.
കുഞ്ഞിനെ വിറ്റതായ വാര്‍ത്ത അയല്‍വാസികളാണ് പൊലിസിനെ അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലിസ് കുഞ്ഞിനെ വാങ്ങിക്കാനെന്ന വ്യാജേനയാണ് ദമ്പതികളെ സമീപിച്ചത്. കുട്ടികളില്ലാത്ത 50 വയസ് പ്രായമുള്ള മെഗു മഹാതോക്കാണ് തങ്ങള്‍ കുഞ്ഞിനെ വിറ്റതെന്ന് ഇവര്‍ പൊലിസിനെ അറിയിച്ചു. സന്തോഷ് സാഹിഷ് എന്ന ഇടനിലക്കാരനാണ് കുഞ്ഞിനെ വില്‍ക്കാന്‍ കൂട്ടുനിന്നത്.
കുഞ്ഞിനെ വാങ്ങിച്ച മഹാതോ, ഇടനിലക്കാരന്‍ സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. കുഞ്ഞിനെ ദമ്പതികള്‍ക്ക് തിരിച്ചു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."