അജാസിനെ കുറിച്ച് സൗമ്യ പൊലിസില്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍
കായംകുളം: കൊല്ലപ്പെട്ട വനിതാ പൊലിസ് ഉദ്യോഗസ്ഥ സൗമ്യ അജാസിനെ കുറിച്ച് നേരത്തെ പൊലിസില്‍ അറിയിച്ചിരുന്നതായി സൗമ്യയുടെ ബന്ധുക്കള്‍. അജാസ് തന്നെ ഭീഷണിപ്പെടുത്തി ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്നുമാണ് പരാതി പറഞ്ഞിട്ടുള്ളത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജാസാണ് ഉത്തരവാദിയെന്ന് അറിയാനാണ് പൊലിസിനെ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് പൊലിസില്‍ പരാതി നല്‍കിയതെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതേകുറിച്ച് അറിവില്ലെന്ന നിലപാടിലാണ് വള്ളികുന്നം പൊലിസ്.
സമഗ്രമായ അന്വേഷണം നടത്തും:
ദക്ഷിണ മേഖല ഐ.ജി
കായംകുളം: വനിതാ പൊലിസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണ മേഖല ഐ.ജി എം.ആര്‍ അജിത്ത് കുമാര്‍.
കൊല്ലപ്പെട്ട വനിതാ സി.പി.ഒ വള്ളികുന്നം തെക്കേമുറി ഊപ്പന്‍ തറയില്‍ സൗമ്യ പുഷ്പാകരന്റെ വീടും സംഭവസ്ഥലവും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് ഐ.ജി സംഭവസ്ഥലത്ത് എത്തിയത്. സൗമ്യയുടെ അമ്മയുമായും മക്കളുമായും മറ്റു ബന്ധുക്കളുമായും ഐ.ജി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലാ പൊലിസ് മേധാവി കെ.എംടോമി, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് വി.കോര എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
അജാസിന്റെ ഫോണ്‍ വിളിയും വാട്‌സ്ആപ്പ് സന്ദേശങ്ങളും പരിശോധിക്കും
കായംകുളം: വനിതാ പൊലിസ് കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യയുടെയും അജാസിന്റെയും ഫോണ്‍ വിളിയും വാട്‌സ്ആപ്പ് സന്ദേശങ്ങളും പൊലിസ് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് കോരയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേകുറിച്ചും വിശദമായി അന്വേഷിക്കും.
സൗമ്യക്ക് അജാസില്‍നിന്ന്
ഭീഷണി ഉണ്ടായിരുന്നതായി മകന്‍
കായംകുളം: വള്ളികുന്നത്ത് കൊല്ലപ്പെട്ട സൗമ്യക്ക് പൊലിസുകാരനായ അജാസില്‍നിന്ന് നേരത്തേ ഭീഷണി ഉണ്ടായിരുന്നതായി മകന്‍. എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പൊലിസിനോട് പറയണമെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നതായും മകന്‍ പറഞ്ഞു.
അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാഷിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. വിളിക്കരുതെന്ന് അമ്മ അജാസിനോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ടന്നും ഫോണ്‍ വയ്ക്കാത്തപ്പോള്‍ ദേഷ്യപ്പെടാറുണ്ടായിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ ഫോണില്‍ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകന്‍ വ്യക്തമാക്കി.
കാഞ്ഞിപ്പുരയിലെ വീട്ടില്‍ വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് സൗമ്യയുടെ വീടായ ക്ലാപ്പനയിലെ വീട്ടില്‍ വിട്ടിരിക്കുകയായിരുന്നു. അഞ്ചു ദിവസമായി ഞങ്ങള്‍ അമ്മയെ കണ്ടിട്ട്. കാണാന്‍ വേണ്ടി കാത്തിരിക്കുമ്പോഴാണ് അമ്മക്ക് അപകടം പറ്റിയ വിവരം അറിയുന്നത്. ഞങ്ങളെ പൊന്നുപോലെ നോക്കിയ അമ്മ ഇനി ഞങ്ങളെ കാണാന്‍ വരുത്തില്ലെന്ന സങ്കടത്തിലാണ് ആണ്‍കുട്ടികള്‍. ഇതില്‍ മൂന്നുവയസുള്ള കുട്ടി അമ്മയെ അന്വേഷിക്കുന്നുണ്ട്. ഇടക്ക് കരയുന്നുണ്ടെങ്കിലും ബന്ധുക്കല്‍ അമ്മ ഡ്യൂട്ടിക്ക് പോയതാണെന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയാണ്. അതേസമയം, സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു. മൃതദേഹം ഓച്ചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."