സൗമ്യയും അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലിസ്
കായംകുളം: പൊലിസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലിസ്. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും പൊലിസ് പറയുന്നു. ഇതു നിരസിച്ചതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലിസ് കരുതുന്നത്. ഇരുവരും തമ്മില്‍ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെ.എ.പി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാല്‍ വിവാഹ വാദ്ഗാനം സൗമ്യ നിരസിച്ചിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും സാധിച്ചിട്ടില്ല.
സംസ്‌കാരം ഭര്‍ത്താവ്
എത്തിയശേഷം
കായംകുളം: ലിബിയയില്‍നിന്ന് സൗമ്യയുടെ ഭര്‍ത്താവ് സജീവനും മറ്റൊരു ബന്ധുവും എത്തിയ ശേഷം ചൊവ്വാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ലിബിയയില്‍നിന്ന് ഭര്‍ത്താവ് സജീവ് യാത്രതിരിച്ചിട്ടുണ്ട്. ഇന്നു രാവിലെ വീട്ടിലെത്തി ബന്ധുക്കളുമായി തീരുമാനിച്ച ശേഷമായിരിക്കും സംസ്‌കാരം.
മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നതായി സൗമ്യയുടെ മാതാവ്
കായംകുളം: വനിതാ പൊലിസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സൗമ്യയുടെ അമ്മ ഇന്ദിര. നേരത്തെ തന്നെ സൗമ്യയെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ സൗമ്യ ഈ ആവശ്യം നിരസിച്ചതായി സൗമ്യയുടെ അമ്മ പറഞ്ഞു. ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നുവെന്നും സൗമ്യയുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ രണ്ട് പ്രാവശ്യം അജാസ് സൗമ്യയെ കൊല്ലാനായി പെട്രോള്‍ കരുതി വീട്ടില്‍ എത്തിയതായും അന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഇന്ദിര വ്യക്തമാക്കി.
ഒന്നേകാല്‍ ലക്ഷം രൂപ സൗമ്യ അജാസില്‍ നിന്ന് വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അതു സ്വീകരിക്കാന്‍ അജാസ് തയാറായില്ലെന്നും അമ്മ സൂചിപ്പിച്ചു.
അജാസില്‍ നിന്ന് സൗമ്യ അക്രമം പ്രതീക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലിസും. സൗമ്യയും അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലിസും സ്ഥിരീകരിക്കുന്നുണ്ട്.
ഇരുവരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ തമ്മില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പൊലിസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മാവേലിക്കര വള്ളിക്കുന്നം പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ സൗമ്യ പുഷ്പാകരനെ എറണാകുളം ട്രാഫിക് പൊലിസില്‍ ജോലി ചെയ്യുന്ന അജാസ് കൊലപ്പെടുത്തിയത്.
ആക്ടീവ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തിയ ശേഷം കൊടുവാള്‍ കൊണ്ട് വെട്ടിയ പ്രതി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."