ചിദംബരത്തിന്റെയും ലാലുവിന്റെയും വസതികളില്‍ റെയ്ഡ്
ന്യൂഡല്‍ഹി: വ്യത്യസ്ത ആരോപണങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, ആര്‍.ജെ.ഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് എന്നിവരുടെ വസതികളിലും ഓഫിസുകളിലും റെയ്ഡ്. ഷീനാ ബോറ വധക്കേസിലെ പ്രതികളായ പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്‌സ് മീഡിയക്ക് വഴിവിട്ട് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും വസതികളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്.
കാര്‍ത്തിയുടെ ഗുഡ്ഗാവിലെ ഏജന്‍സി വഴിയാണ് ഐ.എന്‍.എക്‌സ് മീഡിയ ബോര്‍ഡ് വിദേശനിക്ഷേപത്തിനുള്ള അപേക്ഷ നല്‍കിയത്. 4.6 കോടി രൂപയുടെ നിക്ഷേപമായിരുന്നു കാണിച്ചിരുന്നതെങ്കിലും കോടിക്കണക്കിന് രൂപ കമ്പനിക്കു ലഭിച്ചെന്ന് സി.ബി.ഐ ആരോപിച്ചിരുന്നു.
കാര്‍ത്തിയുടെ ചെന്നൈ നുങ്കമ്പാക്കത്തുള്ള വസതി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസ് എന്നിങ്ങനെ 16 സ്ഥലത്താണ് ഇന്നലെ രാവിലെ പരിശോധന നടന്നത്. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരിക്കെ 2008ല്‍ ഐ.എന്‍.എക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. വിദേശനിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്ന സമിതിയുടെ അധ്യക്ഷനും കൂടിയായിരുന്നു ചിദംബരം.
പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങി 305 കോടിയുടെ നിക്ഷേപത്തിനു മറയിട്ടുവെന്ന കേസിലാണ് ചിദംബരത്തിനും മകനുമെതിരേ അന്വേഷണം. ആരോപണത്തെത്തുടര്‍ന്ന് തിങ്കളാഴ്ച കാര്‍ത്തിക്കെതിരേ സി.ബി.ഐ കേസെടുത്തിരുന്നു. വിദേശ നിക്ഷേപ നിയമം ചിദംബരം ലംഘിച്ചുവെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ക്രിമിനല്‍ ഗൂഢാലോചനയില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പ്രതിസ്ഥാനത്താണ്. വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കല്‍, കുറ്റകരമായ പ്രവര്‍ത്തി തുടങ്ങിയ കുറ്റങ്ങളും ആരോപിക്കുന്നുണ്ട്.
ലാലു പ്രസാദ് യാദവിന്റെ പേരിലുള്ള 1,000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പാണ് ഡല്‍ഹിയും ഗുഡ്ഗാവും ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. ലാലുവിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ പ്രമുഖ വ്യവസായികളുടെയും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. മുഖ്യമന്ത്രിയായിരിക്കെയും കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെയും ഭൂമി ഇടപാടുകള്‍ നടത്തിയതായും മക്കള്‍ക്കായി ഭൂമിയും സ്വത്തുവകകളും സമ്പാദിച്ചതായും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലാലുവിനെ ലക്ഷ്യംവച്ചുള്ള റെയ്ഡ്. ലാലുവിന്റെ മകളും രാജ്യസഭാ എം.പിയുമായ മിസാ ഭാരതി സത്യവാങ്മൂലത്തില്‍ ഭൂമിയെപ്പറ്റി പറഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരിക്കെയാണ് ലാലു ഭൂമിയിടപാടുകള്‍ നടത്തിയതെന്നാണ് ആരോപണം. ബി.ജെ.പിയെ എതിര്‍ക്കുന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓരോ ആരോപണങ്ങളും അന്വേഷണങ്ങളും നടത്തുന്നതെന്ന് ലാലു കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
അതേസമയം, തങ്ങള്‍ക്കെതിരേ ആരോപണങ്ങളില്ലാതിരുന്നിട്ടും മോദി സര്‍ക്കാര്‍ പകവീട്ടുകയാണെന്ന് ചിദംബരം ആരോപിച്ചു. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമമാണിത്. പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും എഴുത്തുകാരെയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് തന്നേയും കുടുംബത്തെയും കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നത്. ചട്ടം പാലിച്ചു മാത്രമേ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുള്ളൂ. മകനെയും സുഹൃത്തുക്കളെയും സി.ബി.ഐ വേട്ടയാടുകയാണ്. സര്‍ക്കാരിനെതിരേ നിലപാട് എടുക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസുകളെടുക്കുകയാണെന്നും ചിദംബരം ആരോപിച്ചു.
പാര്‍ട്ടിയെയും നേതാക്കളെയും ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനാണ് റെയ്ഡിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ധീപ് സുര്‍ജേവാല പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഒരു തെളിവുകളും നിലനില്‍ക്കുന്നില്ലെന്ന് കാര്‍ത്തി ചെന്നൈയില്‍ പറഞ്ഞു. തങ്ങള്‍ക്കെതിരേ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സി.ബി.ഐ അന്വേഷണത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ അന്വേഷണവും പരിശോധനകളും നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."