വിവാദങ്ങള്‍ക്കു പിന്നാലെ ഭരണകൂടം: വില നിയന്ത്രണം പാളുന്നു; അവശ്യവസ്തുക്കള്‍ക്ക് പൊള്ളും വില; ഒരേ സാധനത്തിനു തന്നെ തോന്നിയ വില
കൊച്ചി: വിവാദങ്ങള്‍ക്കു പിന്നാലെ ഭരണകൂടം ഉഴലുന്നതിനിടെ സംസ്ഥാനത്ത് വിലനിയന്ത്രണം പാളി. അവശ്യവസ്തുക്കള്‍ക്ക് മിക്കതിനും പൊള്ളുന്ന വിലയാണെന്നു മാത്രമല്ല, ഒരേ സാധനത്തിനു തന്നെ പല കടകളിലും പല വില ഈടാക്കുന്ന സ്ഥിതിയുമായി.
വിലനിലവാരം പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന പലയിടങ്ങളിലും നടപ്പാകുന്നില്ല. പൊതുവിതരണ സംവിധാനവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കര്‍ഷകര്‍ക്കു ന്യായവില ലഭിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച '16 ഇനം വിളകള്‍ക്ക് താങ്ങുവില' പദ്ധതി എങ്ങുമെത്തിയതുമില്ല. സംസ്ഥാനത്ത് ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിയുന്ന ജയ, സുരേഖ തുടങ്ങിയ ഇനം അരികള്‍ക്ക് കിലോഗ്രാമിന് 44- 45 രൂപയാണ് വില.
സാധാരണഗതിയില്‍ റേഷന്‍ കട വഴിയുള്ള പൊതുവിതരണ സംവിധാനത്തിലൂടെയാണ് പൊതുവിപണിയിലെ അരിവില നിയന്ത്രിക്കപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തെ വലിയൊരു വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കട വഴി പ്രതിമാസം മൂന്നു കിലോ അരി മാത്രമാണ് ലഭിക്കുന്നത്. അതായത് പ്രതിദിനം 100 ഗ്രാം അരി എന്ന തോതില്‍. ഇതോടെ ജനങ്ങള്‍ പൊതുവിപണിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. കേന്ദ്രവിഹിതം കുറഞ്ഞെന്ന കാരണം പറഞ്ഞാണ് റേഷനരിയുടെ അളവ് വെട്ടിക്കുറച്ചത്.
ഒരു കിലോ പഞ്ചസാരയ്ക്ക് 38 മുതല്‍ 45രൂപ വരെ ഈടാക്കുന്ന കടകളുണ്ട്. വില ഉയര്‍ത്തിയ ശേഷം രണ്ടു രൂപയും മറ്റും 'ഡിസ്‌കൗണ്ട്' പ്രഖ്യാപിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളുമുണ്ട്. പച്ചക്കറി വിലയിലും അന്തരം പ്രകടമാണ്. ഉള്ളിക്ക് 90 മുതല്‍ 110 രൂപ വരെയാണ് വിവിധ കടകളില്‍ ഈടാക്കുന്നത്. സവാളയ്ക്കും ഇതുതന്നെയാണ് അവസ്ഥ. വില നിയന്ത്രിക്കാന്‍ സവാള ഇറക്കുമതി ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വിപണിയില്‍ ഫലമൊന്നുമുണ്ടായിട്ടില്ല. തക്കാളിക്ക് 40 രൂപ മുതല്‍ 50 രൂപ വരെയാണ് ഈടാക്കുന്നത്. തൊട്ടടുത്ത കടകളില്‍പോലും കിലോയ്ക്ക് പത്തു രൂപയുടെ വ്യത്യാസം.
സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന വിളകള്‍ക്ക് കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞമാസമാണ് സംസ്ഥാന സര്‍ക്കാര്‍ 16 ഇനം വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചുതുടങ്ങിയിട്ടില്ല. നേന്ത്രക്കായയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 24 രൂപയാണെങ്കിലും ഇപ്പോഴും മൊത്തവിപണിയില്‍ തങ്ങള്‍ക്ക് 20 രൂപയില്‍ താഴെയാണ് കിട്ടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന നടപടിക്രമങ്ങളുടെ നൂലാമാലകളാണ് കര്‍ഷകര്‍ക്ക് വിനയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."