പ്രളയാനന്തരം: കോട്ടത്തറയിലെ ചെറുകിട വ്യാപാരികളെയും സഹായിക്കണം
വെണ്ണിയോട്: കോട്ടത്തറയിലെ ചെറുകിട വ്യാപാരികളെയും സഹായിക്കണം. വലിയ വ്യാപാരികളോ വ്യവസായികളോ ഇല്ലാത്ത പഞ്ചായത്താണ് കോട്ടത്തറ. ഇവരാണ് ഈ പ്രദേശങ്ങളുടെ നട്ടെല്ലും. പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് അങ്ങാടിയില്‍ അറുപതോളം കടകളുണ്ട്. ഇതില്‍ വെള്ളം കയറാത്തത് വിരലിലെണ്ണാവുന്നവ മാത്രം. പല കടകളൂം പൂര്‍ണമായി നശിച്ചു. ഭൂരിഭാഗവും ഭാഗികമായി നശിച്ചവയാണ്. നഷ്ടങ്ങള്‍ ലക്ഷങ്ങളില്‍ ഒതുങ്ങുകയില്ല. വളക്കട നടത്തുന്ന ജോയ് സിറിയക്ക് പാറേക്കാട്ടിലിന് മാത്രം അരക്കോടിയിലേറെ നഷ്ടമെന്നാണ് പ്രാഥമിക കണക്ക്. 9000 ചാക്ക് വളങ്ങളാണ് ഉപയോഗശൂന്യമായി തീര്‍ന്നത്. ആയിരക്കണക്കിന് വിവിധയിനം തൈകളും കൃഷി ഉപകരണങ്ങളുമൊക്കെ വെള്ളം കയറി നശിച്ചു. വിവിധ ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ ലോണെടുത്ത ജോയ് ഭാവിയെ കുറിച്ച് ആശങ്കയിലാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ വിവരമറിയിച്ചിട്ടും നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താന്‍ പ്രളയം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ആരുമെത്തിയിട്ടില്ലെന്ന് ജോയ് പറയുന്നു. അതു കൊണ്ടു തന്നെ എല്ലുപൊടികളടക്കമുള്ള വളങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവും ആരോഗ്യ പ്രശ്‌നങ്ങളും ബുദ്ധിമുട്ടായി മാറിയിരിക്കയാണ്. കച്ചവടക്കാര്‍ ഒരു നാടിന്റേയും സമൂഹത്തിന്റേയും നട്ടെല്ലെന്നാണിരിക്കെ തങ്ങള്‍ക്കു പറ്റിയ നഷ്ടങ്ങളെ കുറിച്ച് അന്വേഷിക്കാനും ആശ്വാസവാക്കുകള്‍ പറയാന്‍ പോലും ഇതുവരെ ആരെയും കണ്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് കൂടിയായ മുണ്ടോളി മമ്മൂട്ടി സങ്കടപ്പെട്ടു. പലരും വിവിധ ബാങ്കുകളില്‍ നിന്ന് ലോണെടുത്താണ് കച്ചവടം നടത്തുന്നത്. പ്രളയാനന്തര കച്ചവടം ആകെ താളംതെറ്റിയ നിലയിലാണ് താനും. ദിനേ മൂന്നു ചാക്കിലേറെ പഞ്ചസാര വിറ്റിരുന്ന ചെറുകിട കച്ചവടക്കാര്‍ ദിവസങ്ങളായി അരച്ചാക്ക് പോലും വിറ്റിട്ടില്ലെന്നത് ഭാവിയെകുറിച്ച് ആശങ്കപ്പെടുത്തുന്നുവെന്നും കച്ചവടക്കാരുടെ കാര്യത്തിലും അധികൃതരുടെ ശ്രദ്ധ പതിയണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ജീവിതാധ്വാനം മുഴുവന്‍ നഷ്ടപ്പെട്ട് തീരാ ബാധ്യതയിലായ കുറേ പെട്ടിക്കടക്കാരുമുണ്ട്. വെണ്ണിയോടെന്ന് അതിലൊരാളായ പത്തായക്കോടന്‍ മമ്മൂട്ടി സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."