ഫോട്ടോഷോപ്പ് ചിത്രം ഏറ്റുപിടിച്ച് സമൂഹമാധ്യമങ്ങള്‍
തിരുവനന്തപുരം: ഫോട്ടോഷോപ്പാണെന്നറിയാതെ എക്സ് എം.പി ബോര്‍ഡ് വച്ച കാറിന്റെ ചിത്രം ഏറ്റുപിടിച്ച് സമൂഹമാധ്യമങ്ങള്‍.
ചിത്രം ഫോട്ടോഷോപ്പാണെന്ന് വ്യക്തമായപ്പോഴേക്കും ആറ്റിങ്ങല്‍ മുന്‍ എം.പി എ. സമ്പത്ത് ഏറ്റുവാങ്ങിയ പരിഹാസ ശരങ്ങള്‍ക്ക് കണക്കില്ലായിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ 'എക്സ് എം.പി' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന വെള്ള ഇന്നോവയുടെ ചിത്രം കഴിഞ്ഞ ദിവസം മുതലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
എം.എല്‍.എമാരായ ഷാഫി പറമ്പിലും വി.ടി ബല്‍റാമും ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റിടുകയും ചെയ്തു. മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ തിരഞ്ഞപ്പോള്‍ വാഹനം ആറ്റിങ്ങലിലെ മുന്‍ എം.പി എ. സമ്പത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയതോടെ മാധ്യമങ്ങളും സംഗതി ഏറ്റുപിടിച്ചു. പിന്നീട് ഇന്നലെ വൈകിട്ടോടെയാണ് എം.പി എന്ന് ബോര്‍ഡ് വച്ച വാഹനത്തിന്റെ ചിത്രത്തില്‍ എക്സ് എന്ന് കൂട്ടിച്ചേര്‍ത്തതാണെന്ന് വ്യക്തമായത്. എ. സമ്പത്ത് എം.പി ആയിരുന്നപ്പോള്‍ പകര്‍ത്തിയ വാഹനത്തിന്റെ ചിത്രത്തിലാണ് ഫോട്ടോഷോപ്പ് പണി നടത്തിയത്.
ഇങ്ങനെയൊരു ബോര്‍ഡ് വച്ച് താന്‍ സഞ്ചരിച്ചിട്ടില്ലെന്നും ചിത്രം വ്യാജമായിരിക്കാമെന്നും സമ്പത്ത് പ്രതികരിച്ചിരുന്നു. മൂന്നു ദിവസമായി താനാണ് വാഹനമോടിക്കുന്നതെന്നും അങ്ങനെയൊരു ബോര്‍ഡ് വാഹനത്തിലില്ലായിരുന്നുവെന്നും വ്യക്തമാക്കി സമ്പത്തിന്റെ ഡ്രൈവര്‍ പ്രസാദ് എലംകുളവും ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഇത്തരം കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്ന് കെ.എസ് ശബരിനാഥന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."