പിളരുന്തോറും വളര്‍ത്തിയ കെ.എം മാണിയില്ലാതെ ആദ്യ പിളര്‍പ്പ്
കോട്ടയം: വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നാണ് കെ.എം മാണിയുടെ സിദ്ധാന്തം. ഇന്നലെ പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി ആ സിദ്ധാന്തത്തിന്റെ വക്താവും പ്രയോക്താവുമായ കെ.എം മാണി ഇല്ലാതെ ആദ്യമായി പിളര്‍ന്നു.
മകന്‍ ജോസ് കെ.മാണി തന്നെ തന്റെ പിതാവിന്റെ സിദ്ധാന്തത്തിന് അടിവരയിട്ടുകൊണ്ട് പാര്‍ട്ടിയെ മറ്റൊരു പിളര്‍പ്പിലേക്ക് നയിച്ചു. കേരളാ കോണ്‍ഗ്രസ് ഇടയ്ക്കിടെ പിളരുകയും കൂടിച്ചേരുകയും ചെയ്യുന്നതിനെ പരിഹസിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മാണി ഈ സിദ്ധാന്തം ആദ്യമായി പറഞ്ഞതെങ്കിലും കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഈ ആപ്തവാക്യം ഒഴിയാബാധയായി മാറുകയായിരുന്നു.
കെ.എം മാണി കെട്ടിയുയര്‍ത്തിയ പാര്‍ട്ടിയെ പുതിയ പിളര്‍പ്പിലേക്ക് നയിച്ച ജോസ് കെ.മാണിക്ക് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ പതാകവാഹകനാകാന്‍ കഴിയുമോയെന്നത് കടുത്ത വെല്ലുവിളി തന്നെയാകും. പ്രത്യേകിച്ച് കെ.എം മാണിയുടെ വിശ്വസ്തരായിരുന്നവരും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ മുന്നില്‍നിന്നവരുമായ സി.എഫ് തോമസും ജോയ് ഏബ്രഹാമും ഇന്ന് ജോസ് കെ.മാണിയുമായി അകല്‍ച്ചയിലാണ്. മറ്റൊരു അധികാരകേന്ദ്രമില്ലാതെ പാര്‍ട്ടിയെ പൂര്‍ണമായും വരുതിയില്‍ നിര്‍ത്താന്‍ ജോസ് കെ.മാണിക്ക് കഴിയുമെന്നതാണ് അദ്ദേഹത്തിന് പിളര്‍പ്പ് കൊണ്ടുണ്ടാകുന്ന ഗുണം.
പാര്‍ട്ടി പിളര്‍ന്നതോടെ പി.ജെ ജോസഫ് വെറുതേയിരിക്കുമെന്ന് കരുതാനാകില്ല. ചെയര്‍മാനെ തെരഞ്ഞെടുത്ത സംസ്ഥാന സമിതി യോഗം അസാധുവാക്കാനുള്ള നടപടിയും പി.ജെ ജോസഫ് സ്വീകരിക്കാനിടയുണ്ട്. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി യോഗം ചേര്‍ന്നവര്‍ക്കെതിരേ നടപടിയെടുക്കാനാകും ജോസഫ് വിഭാഗത്തിന്റെ നീക്കം. താല്‍കാലിക ചെയര്‍മാനായി ജോസഫിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശമില്ലാതെ സമാന്തര കമ്മിറ്റി വിളിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനും കൂറുമാറ്റ നിരോധന നിയമം വഴി എം.പി, എം.എല്‍.എമാരെ അയോഗ്യരാക്കാനാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിശ്വാസം. ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിയോഗിച്ചിട്ടില്ലെന്ന് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തിന്‍മേല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെടുക്കുന്ന നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. വിപ്പ് ലംഘിച്ച് സമാന്തര യോഗത്തില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് പി.ജെ ജോസഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി ഭരണഘടനയിന്മേല്‍ ആണയിട്ടാണ് ഇരുപക്ഷത്തിന്റെയും നീക്കമെന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എമാരില്‍ സി.എഫ് തോമസിന്റേതുള്‍പ്പെടെ മൂന്നുപേരുടെ പിന്തുണ ജോസഫിനാണെന്നുള്ളത് ജോസ് കെ.മാണിക്ക് പ്രശ്‌നങ്ങളുണ്ടാക്കും.
പിളര്‍പ്പിനുശേഷമുള്ള സാഹചര്യത്തെ ഇരുവിഭാഗത്തിനും പ്രശ്‌നങ്ങളില്ലാത്തവിധം ഒത്തുതീര്‍പ്പിലാക്കാനാകും യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രമം. കെ.എം മാണിയുടെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ ആദ്യ പിളര്‍പ്പിന്റെ സാഹചര്യത്തില്‍ എല്‍.ഡി.എഫ് നേതൃത്വവും പ്രതീക്ഷ വയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."