കേരളാ കോണ്‍ഗ്രസിലെ പ്രതിസന്ധി യു.ഡി.എഫിന് തലവേദനയാകും
തിരുവനന്തപുരം: ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ഒരു വിഭാഗം തെരഞ്ഞെടുത്തത് യു.ഡി.എഫിന് തലവേദനയാകും. പാര്‍ട്ടി ചെയര്‍മാനായ പി.ജെ ജോസഫിന്റെ അംഗീകാരമില്ലാതെ വിളിച്ചുചേര്‍ത്ത സംസ്ഥാന സമിതി യോഗമാണ് ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. യു.ഡി.എഫില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനും തലവേദനയാകുക.
സമവായത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. രണ്ട് വിഭാഗവും തമ്മില്‍ സമവായമുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ നിയമ പോരാട്ടത്തിലേക്കായിരിക്കും എത്തിച്ചേരുക.
പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ശനമായ നിര്‍ദേശിച്ചിട്ടും അത് മറികടന്നാണ് ജോസ് കെ.മാണിയുടെ തീരുമാനമെന്നതിനാല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി എന്നിവരും കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പ് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ അവസാനിമിഷം വരെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. യു.ഡി.എഫ് നേതാക്കള്‍ക്കുപുറമെ ക്രൈസ്തവ സഭാ നേതൃത്വവും ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
നിലവില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധികളായി പി.ജെ ജോസഫും ജോസ് കെ.മാണിയും യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ ആരെയാകും ഇനി യോഗത്തിലേക്ക് ക്ഷണിക്കുകയെന്നതും യു.ഡി.എഫിന് തലവേദനയാണ്. നിയമപരമായി അവകാശമുള്ളതിനാല്‍ ജോസ് കെ.മാണിയെ മുന്നണി യോഗത്തില്‍ വിളിക്കരുതെന്ന ആവശ്യം വരും ദിവസങ്ങളില്‍ ജോസഫ് മുന്നോട്ടുവയ്ക്കാനിടയുണ്ട്. രണ്ടുപേരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി ചിഹ്നം, ഓഫിസുകള്‍, മുന്നണിയിലെ സ്ഥാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."