ചീര്‍പ്പുകള്‍ പുനഃസ്ഥാപിച്ചില്ല; വിളയൂര്‍ തടയണയില്‍ നിന്നും വെള്ളം നഷ്ടമാവുന്നു
കൊപ്പം: ശുചീകരിക്കുന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പ് തുറന്ന കുന്തിപ്പുഴയിലെ വിളയൂര്‍ തടയണയുടെ ചീര്‍പ്പുകള്‍ പുനഃസ്ഥാപിക്കാത്തത് തടയണയിലെ വെള്ളം കൂടുതലായി നഷ്ടമാകാന്‍ കാരണമാകുന്നു.
കഴിഞ്ഞ വേനലിലാണ് വിളയൂര്‍ പുലാമന്തോള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തടയണയില്‍ അടിഞ്ഞ മാലിന്യങ്ങളും ചെളിയും ശുചീകരിക്കുന്നതിന്റെ ഭാഗമായി വെള്ളം ഒഴുക്കിക്കളയാനായിട്ട് തടയണയുടെ ചീര്‍പ്പുകള്‍ ഇളക്കി മാറ്റിയത്.
അഞ്ചോളം ചീര്‍പ്പുകളാണ് ഇത്തരത്തില്‍ ഇളക്കിമാറ്റിയത് എന്നാല്‍ ചീര്‍പ്പുകള്‍ മാറ്റിയതിന് പിറകെ പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ തടയണയുടെ ശുചീകരണം നടത്താന്‍ കഴിഞ്ഞതുമില്ല. തുടര്‍ന്ന് കാലവര്‍ഷം എത്തിയതോടെ പുഴയില്‍ വെള്ളം ഉയരുകയുമായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിന് ശേഷം അത്ഭുതകരമായ രീതിയില്‍ പുഴയിലെ വെള്ളം കുറയുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത് ചീര്‍പ്പുകള്‍ ഇല്ലാതായതോടെ തടയണയില്‍ നിന്നും ശക്തമായ രീതിയില്‍ വെള്ളം ഒഴുകിപോകുന്നുണ്ട്.
ഇത് കാരണം വിളയൂര്‍ തടയണയുടെ മുകള്‍ ഭാഗങ്ങളില്‍ മണല്‍ തുരുത്തുകളും രൂപപ്പെട്ടിട്ടുണ്ട്. തടയണയില്‍ നിന്നും വെള്ളം നഷ്ടമായതോടെ കട്ടുപ്പാറ തടയണയുടെ വൃഷ്ടി പ്രദേശങ്ങളിലും വരള്‍ച്ച ശക്തമായിട്ടുണ്ട് തടയണയുടെ ചീര്‍പ്പുകള്‍ പെട്ടെന്നു തന്നെ പുനസ്ഥാപിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന വരള്‍ച്ചക്ക് ഒന്നുകൂടി ആക്കം കൂട്ടുകയും തടയണകളെ ആശ്രയിക്കുന്ന ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികളെ അവതാളത്തിലാക്കുകയും ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഈ വിഷയത്തില്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."