രണ്ടായി തീര്‍ന്ന രണ്ടില
എല്ലാ സമവായങ്ങളെയും മധ്യസ്ഥശ്രമങ്ങളെയും പാഴാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒടുവില്‍ പിളര്‍ന്നിരിക്കുന്നു. ഇന്നലെ ഉച്ചക്ക് വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുകയാണ്. യോഗം നിയമവിരുദ്ധമാണെന്നും പങ്കെടുക്കുന്നവര്‍ പുറത്തേക്കുള്ള വഴിയിലാണെന്നും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ അന്ത്യശാസനയൊന്നും സംസ്ഥാന കമ്മിറ്റിയിലെ ജോസ് കെ. മാണി വിഭാഗത്തെ പിന്തിരിപ്പിച്ചില്ല. ഇതോടെ രണ്ടില രണ്ടായി തീര്‍ന്നിരിക്കുന്നു.
കെ.എം മാണിയുടെ സിദ്ധാന്തം ഒരിക്കല്‍ കൂടി അന്വര്‍ഥമാക്കി 'വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന' കേരള കോണ്‍ഗ്രസ് ഇനിയങ്ങോട്ട് വളരുമോ എന്ന് കാലമാണ് നിര്‍ണയിക്കേണ്ടത്. ആര്‍ക്കൊപ്പമാണെന്ന് ഇതുവരെ പിടികൊടുക്കാതിരുന്ന മധ്യസ്ഥന്റെ റോളില്‍ ഇരു വിഭാഗങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന സി.എഫ് തോമസിനു നിര്‍ണായക തീരുമാനം എടുക്കേണ്ടി വരും. ഇന്നലത്തെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കാതിരുന്നതിനാല്‍ പി.ജെ ജോസഫിന്റെ കൂടെ തന്നെയായിരിക്കുമെന്ന് കരുതാം.
കെ.എം മാണിയുടെ നിര്യാണശേഷം പാര്‍ട്ടി ചെയര്‍മാന്‍ ആരായിരിക്കണമെന്ന തര്‍ക്കമാണ് ഒടുവില്‍ കേരള കോണ്‍ഗ്രസിനെ അനിവാര്യമായ പിളര്‍പ്പില്‍ എത്തിച്ചത്. മുന്‍പും കേരള കോണ്‍ഗ്രസ് പലവട്ടം, പലതായി പിളര്‍ന്നത് ആശയത്തിന്റെ പേരിലായിരുന്നില്ല, അധികാരമോഹവും വ്യക്തിതാല്‍പര്യങ്ങളും മാത്രമായിരുന്നു. 1964ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ നിന്നു പിരിഞ്ഞുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ രൂപീകരിച്ചതാണ് ഇന്നു പലതായി ചിതറിക്കിടക്കുന്ന കേരള കോണ്‍ഗ്രസ്. പി.ടി ചാക്കോയോട് കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു അന്നവര്‍ വിട്ടുപോന്നത്. അന്ന് വിട്ടുപോന്നവര്‍ക്ക് നേതൃത്വം നല്‍കിയ കെ.എം ജോര്‍ജ് ആണ് കേരള കോണ്‍ഗ്രസിന്റെ സ്ഥാപകന്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളായിരുന്നു ആദ്യം പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങള്‍. പിന്നീട് തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും വേരുപിടിക്കാന്‍ തുടങ്ങിയെങ്കിലും മലബാറില്‍ ഇപ്പോഴും കേരള കോണ്‍ഗ്രസിന് വേരോട്ടമില്ല. അതിനാല്‍ വടക്കന്‍ ജില്ലകളില്‍ പിളര്‍പ്പ് വലിയ ചലനം ഉണ്ടാക്കാനുള്ള സാധ്യതയില്ല. ഇനി സംസ്ഥാന കമ്മിറ്റി ഓഫിസിനും രണ്ടിലക്കും വേണ്ടിയായിരിക്കും ജോസ് കെ. മാണിയും പി.ജെ ജോസഫും വടംവലി നടത്തുക.
കെ.എം മാണി കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍പ്പെടുന്നില്ല. 1964ല്‍ പാര്‍ട്ടി രൂപീകരണ സമയത്ത് അദ്ദേഹം കെ.പി.സി.സി സെക്രട്ടറിയും അഭിഭാഷകനുമായി ജോലി നോക്കുകയായിരുന്നു. പിന്നീടദ്ദേഹം പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചതോടെ പാര്‍ട്ടി നേതാവായി വളരുകയായിരുന്നു. പാല പിന്നീട് അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമായി, മരണം വരെ. മാണിയുടെ മരണമാണിപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ മറ്റൊരു പിളര്‍പ്പില്‍ എത്തിച്ചത്.
രണ്ടായി തീരുന്നതോടെ ഇരുപാര്‍ട്ടികളും ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം നീങ്ങുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഏത് വിഭാഗത്തോടായിരിക്കും യു.ഡി.എഫ് കൂടുതല്‍ മമത കാണിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കുമത്. ഉപതെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് നിര്‍ണായകം തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയം നേടിയ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ കേരള കോണ്‍ഗ്രസ് പിളര്‍പ്പ് അതീവ പ്രാധാന്യമര്‍ഹിക്കുന്നത് തന്നെയായിരിക്കും. ഉപതെരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ ഇരു വിഭാഗത്തെയും പിണക്കാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതും യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."