കിരീട പ്രതീക്ഷ നിലനിര്‍ത്താന്‍ റയല്‍
മാഡ്രിഡ്: ചാംപ്യന്‍ പട്ടത്തിനായുള്ള മത്സരം ഇഞ്ചോടിഞ്ചായി നില്ക്കുന്ന സ്പാനിഷ് ലാ ലിഗയിലെ നിര്‍ണായക പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് സെല്‍റ്റ വിഗോയെ നേരിടും. ഇന്നത്തെ പോരാട്ടം വിജയിച്ച് ബാഴ്സലോണയെ മറികടന്ന് ഒന്നാം സ്ഥാനം പിടിക്കാനുള്ള അവസരം റയലിനുണ്ട്. ഒപ്പം വിജയം സ്വന്തമാക്കിയാല്‍ അവസാന മത്സരത്തില്‍ സമനില പിടിച്ചാലും റയലിന് കിരീടം നേടാമെന്ന ആത്മവിശ്വാസവും ഉണ്ടാകും.
നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 37 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റും 36 മത്സരങ്ങള്‍ കളിച്ച റയല്‍ മാഡ്രിഡിനും ഇത്ര തന്നെയാണ് പോയിന്റുകള്‍. ഇന്ന് വിജയിച്ചാല്‍ 37 മത്സരങ്ങളില്‍ 90 പോയിന്റുമായി റയല്‍ ഒന്നാമതാകും. ഈ മാസം 21ന് നടക്കുന്ന ചാംപ്യന്മാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ബാഴ്സലോണ ഹോം പോരാട്ടത്തില്‍ എയ്ബറിനേയും റയല്‍ എവേ പോരാട്ടത്തില്‍ മലാഗയേയും നേരിടും. അവസാന മത്സരത്തില്‍ ബാഴ്സലോണയും റയലും വിജയിച്ചാല്‍ ബാഴ്സയ്ക്ക് 90ഉം റയലിന് 93ഉം പോയിന്റ്.
സ്വാഭാവികമായും റയല്‍ ചാംപ്യന്മാരാകും. അവസാന പോരില്‍ ബാഴ്സ വിജയിക്കുകയും റയല്‍ സമനില പിടിക്കുകയും ചെയ്താലും 91 പോയിന്റുമായി റയല്‍ തന്നെ കിരീടം സ്വന്തമാക്കും. കിരീട നിര്‍ണയ പോരാട്ടത്തില്‍ ബാഴ്സലോണ വിജയിക്കുകയും റയല്‍ പരാജയപ്പെടുകയും ചെയ്താല്‍ പോയിന്റ് നില തുല്ല്യമാകും. അപ്പോള്‍ ഗോള്‍ ശരാശരിയില്‍ ബാഴ്സലോണയ്ക്ക് കപ്പുയര്‍ത്താം. റയല്‍ മാഡ്രിഡ് ഇന്നത്തെ മത്സരത്തിലും അവസാനത്തെ മത്സരത്തിലും പരാജയപ്പെട്ടാല്‍ ബാഴ്സയ്ക്ക് കിരീടമുറപ്പിച്ച് തന്നെ ഫൈനല്‍ പോരിനിറങ്ങാം. ബാഴ്സലോണ അവസാന മത്സരത്തില്‍ വിജയിക്കുകയും ഇന്നും 21നും നടക്കുന്ന മത്സരങ്ങളില്‍ റയല്‍ സമനില വഴങ്ങിയാലും ബാഴ്സലോണയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.
2011- 12 സീസണില്‍ കിരീടമുയര്‍ത്തിയ ശേഷം റയലിന് ആറ് വര്‍ഷമായി കിട്ടാക്കനിയായി നില്ക്കുന്ന സ്പാനിഷ് ചാംപ്യന്‍പട്ടം അവര്‍ക്ക് കൈയെത്തും ദൂരത്താണുള്ളത്. നിര്‍ണായകമായ രണ്ട് മത്സരങ്ങളിലും ദുര്‍ബലരായ എതിരാളികളെയാണ് ലഭിച്ചതെന്നത് അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
കിരീടമുറപ്പിക്കാന്‍
മൊണാക്കോ
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ കിരീടമുറപ്പിക്കാന്‍ മൊണാക്കോ ഇന്നിറങ്ങും. നിലവില്‍ വലിയ ഭീഷണികളൊന്നും മൊണാക്കോയ്ക്കില്ലെങ്കിലും ഇന്നത്തെ മത്സരത്തില്‍ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ അവര്‍ക്ക് കിരീടം ഉറപ്പാകും.
അവസാന മത്സരത്തില്‍ ഒട്ടും വേവലാതിയില്ലാതെ ഇറങ്ങാന്‍ മൊണാക്കോയ്ക്ക് ഇന്നത്തെ വിജയമോ, സമനിലയോ ഉപകാരമായി മാറുകയും ചെയ്യും. ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്ന മൊണാക്കോയ്ക്ക് അവസാന മത്സരം എവേയാണ്. റെന്നെസാണ് അവരുടെ 38ാം മത്സരത്തിലെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."