എസ്.എം.കെ തങ്ങളുടെ വിയോഗം; താങ്ങാനാവാതെ നഹ്ജുര്‍റശാദ്
തൃശൂര്‍: സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന സയ്യിദ് എസ്.എം.കെ തങ്ങളുടെ നിര്യാണം വലിയ ആഘാതവും നഷ്ടബോധവുമാണ് ചാമക്കാല നഹ്ജുര്‍റശാദ് ഇസ്‌ലാമിക് കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാക്കിയത്. 2006ല്‍ സ്ഥാപനം പ്രാരംഭം കുറിക്കുന്ന സന്ദര്‍ഭം മുതല്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ഊര്‍ജം പകര്‍ന്ന വ്യക്തിത്വമായാണ് തങ്ങളെ ഭാരവാഹികള്‍ അനുസ്മരിക്കുന്നത്. നഹ്ജുര്‍റശാദില്‍ നിന്ന് വിളിപ്പാടകലെയാണ് തങ്ങള്‍ താമസിച്ചിരുന്നത് എന്നത് സ്ഥാപനത്തിന്റെ പ്രസിഡന്റ് എന്ന പദവി ആലങ്കാരികമാക്കാതിരിക്കാന്‍ ഏറെ സഹായിച്ചു. സ്ഥാപനത്തില്‍ പഠനമാരംഭിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും അറിവിന്റെ ആദ്യകവാടം തുറന്ന് കൊടുത്തിരുന്നത് തങ്ങളാണ്. നിശ്ചയം കര്‍മങ്ങള്‍ സ്വീകാര്യമാവുന്നത് ലക്ഷ്യം പരിഗണിച്ചാണ് എന്നര്‍ഥം വരുന്ന പ്രവാചക വചനം തനതു ശൈലിയില്‍ വിശദീകരിച്ച് ക്ലാസിന് തുടക്കം കുറിക്കുന്ന തങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹ നിര്‍ഭരനായ ഗുരുവായിരുന്നു.
കാംപസില്‍ നടക്കുന്ന മുഴുവന്‍ സംഗമങ്ങളിലും തങ്ങളെത്തുകയും സരസമായി പ്രസംഗിക്കുകയും ചെയ്യും. വലിയ സ്വപ്നങ്ങള്‍ കാണുവാനും ധാര്‍മികബോധത്തോടെ സമൂഹസേവകരാകാനുമുള്ള ഉപദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം നല്‍കിയിരുന്നു. ഇടക്ക് ക്ലാസില്‍ കയറി ഉര്‍ദു, അറബി, ഇംഗ്ലിഷ് വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠനിലവാരം പരിശോധിക്കുന്ന രീതിയും ഉണ്ടായിരുന്നു. ഭാഷാവാരങ്ങളും മലയാളേതര ഭാഷാ സംസാരം അധ്യാപക വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പിലാക്കാനും തങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപന നടത്തിപ്പില്‍ അഭിമുഖീകരിക്കുന്ന ഏതു പ്രതിസന്ധിയും പരിഹരിക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും തങ്ങള്‍ തന്നെയായിരുന്നു കൂടെയുണ്ടായിരുന്നതെന്നാണ് ചെയര്‍മാന്‍ ടി.എം ഹൈദര്‍ ഹാജി പറയുന്നത്.
ആദ്യകാലങ്ങളില്‍ സൈക്കിള്‍ ചവിട്ടി കാംപസിലെത്തുന്ന തങ്ങള്‍ അത്ഭുതമായിരുന്നു. ചോദിച്ചാല്‍ അത് നല്‍കുന്ന ആരോഗ്യവും വിദേശ രാജ്യങ്ങളില്‍ അതുപയോഗിക്കുന്നതിന്റെ സ്വാധീനവും രസാവഹമായി പറയും. ഉന്നത പദവിയിലിരിക്കുന്ന തങ്ങള്‍ യുവാക്കളായ നഹ്ജുര്‍റശാദിലെ അധ്യാപകരോട് സൗഹൃദ രൂപേണ ഇടപെട്ടിരുന്നതിന്റെ ഓര്‍മകളാണ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാഫി ഹുദവിക്കും മറ്റു ഉസ്താദുമാര്‍ക്കും ഓര്‍ക്കാനുള്ളത്. തനിക്ക് മറ്റൊരാള്‍ സേവനം ചെയ്യുന്നത് വിലക്കുമായിരുന്നു. സ്റ്റാഫ് മീറ്റിങിലെ ചടുലതയുള്ള അധ്യക്ഷനായ തങ്ങള്‍ക്ക് കോളജിന്റെ വളര്‍ച്ചയിലും ഓരോ വിദ്യാര്‍ഥിയും യോഗ്യതയുള്ളയാളാവണമെന്നതിലും അധ്യാപകരുടെ വസ്ത്രധാരണം, പ്രഭാഷണ വൈഭവം തുടങ്ങിയവയിലുമെല്ലാം സൂക്ഷ്മമായ ശ്രദ്ധയുണ്ടായിരുന്നു. നിഷ്‌കളങ്കനായ മഹാനുഭാവന്റെ ഉദാരമനസ്‌കത അനുഭവിക്കാന്‍ പല അധ്യാപകര്‍ക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. മതവിരുദ്ധമായ കാര്യങ്ങളോട് സന്ധിയാവാത്ത നിരവധി സന്ദര്‍ഭങ്ങള്‍ക്ക് പലപ്പോഴും സാക്ഷിയായിട്ടുണ്ട്
മരണാനന്തര ജീവിതത്തെ സദാസമയവും ഓര്‍മിപ്പിക്കുന്ന തങ്ങള്‍ ചിലപ്പോഴൊക്കെ വിതുമ്പി സംസാരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അണമുറിയാതെ ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് തങ്ങളെ അവസാനമായി കാണാന്‍ നഹ്ജുര്‍റശാദിന്റെ അങ്കണം തന്നെ ഒരുങ്ങിയത് സ്ഥാപനവുമായി തങ്ങളുടെ ആത്മബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.സമസ്ത ജില്ലാ പ്രസിഡന്റായിരുന്ന മര്‍ഹൂം എസ്.എം.കെ തങ്ങളുടെ അനുസ്മരണ പരിപാടി ഇന്ന് രാവിലെ ഒന്‍പത് മണിക്ക് കോളേജ് കാമ്പസില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ടി.എം ഹൈദര്‍ ഹാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."