രാഷ്ട്രപതി സ്ഥാനാര്‍ഥി:മമത ബാനര്‍ജി സോണിയയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. വരാന്‍ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍ അങ്ങനെ ഒരാളെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇരുവര്‍ക്കും പൊതുസമ്മതനായ ഒരാളെയാകും തെരഞ്ഞെടുക്കുകയെന്നും പാര്‍ട്ടി അറിയിച്ചു. ഇരുവരും തമ്മില്‍ 40 മിനിറ്റോളം നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.
രാഷ്ട്രീയപരമായ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും രാജ്യത്തിന്റെ മികച്ച ഭാവിക്കായി യോഗ്യനായ ഒരാളെയാകും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയെന്നും അതിനായി യോഗ്യനായ ഒരാളെ കണ്ടെത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഇനിയും സമയമുണ്ടെന്നും തങ്ങള്‍ ഒരു വട്ടം കൂടി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്ന കാര്യങ്ങള്‍ പുറത്തു വിടുന്നില്ലെന്നും അവര്‍ പറഞ്ഞു.
പൊതു സമ്മതനായ ഒരാളെ മത്സരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ അവസാനമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്. സോണിയയും രാഹുലും ഇതിനികം പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുമായെല്ലാം ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."