യു.എന്‍ ഭീകരവാദവിരുദ്ധ തലവന്റെ സിന്‍ജിയാങ് സന്ദര്‍ശനം വിവാദമാകുന്നു
വിയന്ന: ചൈനയുടെ സിന്‍ജിയാങ് മേഖലയിലേക്ക് യു.എന്‍ ഭീകരവാദവിരുദ്ധ തലവന്‍ സന്ദര്‍ശനം നടത്തുന്നതിനെ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ എതിര്‍ത്തു. അവിടെ 10 ലക്ഷം ഉയ്ഗൂര്‍ വംശക്കാരെയും മറ്റു മുസ്‌ലിംകളെയും തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് യു.എന്‍ വിദഗ്ധര്‍ പറയുന്നു. യു.എന്‍ ഓഫിസ് ഓഫ് കൗണ്ടര്‍ ടെററിസത്തിന്റെ മേധാവി (യു.എന്‍.ഒ.സി.ടി.) റഷ്യന്‍ നയതന്ത്രജ്ഞനായ വ്‌ളാദ്മിര്‍ ഇവാനോവിച്ച് വോറോണ്‍കോവ് ചൈനയുടെ ക്ഷണം സ്വീകരിച്ച് സിന്‍ജിയാങ് സന്ദര്‍ശിക്കാന്‍ പോവുകയാണെന്ന് ആശങ്കകള്‍ ഉയര്‍ത്തിയ രാജ്യങ്ങള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സള്ളിവന്‍ വോറോണ്‍കോവിന്റെ യാത്രയെക്കുറിച്ചുള്ള ആശങ്ക യു.എസ് സെക്രട്ടറി ജനറലുമായി പങ്കുവെച്ചു. ഭീകരവാദം തടയാനെന്ന പേരില്‍ ചൈന ഉയ്ഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുകയാണെന്ന് യു.എസ് ആരോപിക്കുന്നു.
വോറോണ്‍കോവിന്റെ സന്ദര്‍ശനം ചൈനയുടെ വാദങ്ങള്‍ നീതീകരിക്കുന്നതാവുമോ എന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന ആശങ്ക. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു പകരം ഭീകരവാദവിരുദ്ധ തലവനെ ചൈനയിലേക്ക് അയക്കുന്നതിനെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. മുസ്‌ലിം സമൂഹത്തിനെതിരേയുള്ള കടുത്ത അവകാശ ലംഘനങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനേ ഈ സന്ദര്‍ശനം ഉപകരിക്കൂവെന്ന് അവര്‍ പറയുന്നു. അതേസമയം റഷ്യ, ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇതിനകം വോറോണ്‍കോവ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗവും വീറ്റോ അധികാരവുമുള്ള അഞ്ചാമത്തെ രാജ്യമായ ചൈന കൂടി സന്ദര്‍ശിക്കേണ്ടതുണ്ടെന്നും വോറോണ്‍കോവിന്റെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."