കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചു മലബാറിന് അവഗണന
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചതില്‍ മലബാറിന് അവഗണന. 197 പുതിയ കോഴ്‌സുകളാണ് സംസ്ഥാനത്തൊട്ടാകെ അനുവദിച്ചത്. ഇതില്‍ ഭൂരിഭാഗവും തെക്കന്‍ ജില്ലകളിലാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ശരാശരിയെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയെ തഴഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ആകെ 166 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ മലബാറില്‍ 67 എണ്ണം മാത്രമാണുള്ളത്. 26 ഡിഗ്രി കോഴ്‌സുകളും 41 പി.ജി കോഴ്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ബാക്കി 99ഉം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ്. 42 ഡിഗ്രി കോഴ്‌സുകളും 57 പി.ജി കോഴ്‌സുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എട്ട് എന്‍ജിനിയറിങ് കോളജുകളിലായി 12 കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ വെറും രണ്ടെണ്ണമാണ് മലബാറിന് കിട്ടിയത്.
യൂനിവേഴ്‌സിറ്റി കാംപസുകളില്‍ അനുവദിച്ച കോഴ്‌സുകളിലും മലബാറിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല. മൂന്ന് ബിരുദ കോഴ്‌സുകളും എട്ട് ബിരുദാനന്തര കോഴ്‌സുകളുമാണ് കേരള, എം.ജി, കുസാറ്റ് സര്‍വകലാശാലകളില്‍ അനുവദിച്ചിട്ടുള്ളത്. അതേസമയം, മലബാറിലെ കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകളിലായി 2 ബിരുദ കോഴ്‌സുകളും അഞ്ച് പി.ജി കോഴ്‌സുകളുമാണ് ആകെ അനുവദിച്ചിട്ടുള്ളത്.
ഉന്നതവിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകള്‍ വളരെ പിന്നിലാണ്. ഇത്തരത്തിലുള്ള മലബാര്‍ മേഖലയെ പരിഗണിക്കുന്നതിനുപകരം കൂടുതല്‍ പിന്നോക്കമാക്കുന്നതാണ് സര്‍ക്കാര്‍ നടപടി.
അസന്തുലിതവും അശാസ്ത്രീയവുമായ ഈ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മാനേജ്‌മെന്റുകളെ പ്രീണിപ്പിക്കുന്നതിനാണെന്നും ആരോപണമുണ്ട്.
47 സര്‍ക്കാര്‍ കോളജുകളില്‍ 49 കോഴ്‌സുകള്‍, 105 എയ്ഡഡ് കോളജുകളില്‍ 117 കോഴ്‌സുകള്‍, എട്ടു സര്‍വകലാശാലകളില്‍ 19 കോഴ്‌സുകള്‍, എട്ടു എന്‍ജിനിയറിങ് കോളജുകളില്‍ 12 കോഴ്‌സുകള്‍ എന്നിവയാണ് പുതുതായി അനുവദിച്ചത്.
നാനോ സയന്‍സ്, സ്‌പെയിസ് സയന്‍സ്, എക്കണോമെട്രിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സെയില്‍സ് മാനേജ്‌മെന്റ്, മള്‍ട്ടീമീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി, റിന്യൂവബിള്‍ എനര്‍ജി, കംപ്യൂട്ടേഷണല്‍ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡാറ്റ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്‌സുകളോടൊപ്പം പരമ്പരാഗത കോഴ്‌സുകളും പുതുതായി അനുവദിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷ ബിരുദ, ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ അധ്യയനവര്‍ഷം തന്നെ പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തി ക്ലാസുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."