മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലരുത്; സര്‍ക്കാരിനെതിരേ സി.പി.ഐ
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആളുകളെ വെടിവച്ചു കൊല്ലുന്നതിനോട് യോജിക്കാനാവില്ലെന്ന് സി.പി.ഐ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളതുപോലുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനം കേരളത്തിലെ വനങ്ങളിലില്ലെന്നും മാവോയിസ്റ്റ് ആശയങ്ങളോടു സി.പി.ഐ യോജിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
മാവോയിസ്റ്റുകളെയെല്ലാം വെടിവച്ചു കൊല്ലാമെന്ന നിലപാട് ഭരണകൂടം സ്വീകരിക്കുന്നത് ശരിയാണെന്ന വിശ്വാസം പാര്‍ട്ടിക്കില്ല. കേരളത്തിലെ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലോ ജനങ്ങളെ ബാധിക്കുന്നൊരു ഭീഷണിയായോ മാവോയിസ്റ്റ് പ്രവര്‍ത്തനം വളര്‍ന്നിട്ടില്ല. ഇതൊരു ഭീഷണിയായി നിലനിര്‍ത്തേണ്ട ആവശ്യം പൊലിസിന്റേതു മാത്രമാണ്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടും മറ്റു സൗകര്യങ്ങളും പൊലിസിനു വേണം. അതിനുവേണ്ടി ഇടയ്ക്കിടെ ആളുകളെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.
ഇക്കാര്യത്തിലെ നിലപാട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണം. വയനാട് മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു സമീപത്തെ വനപ്രദേശത്തുണ്ടായ സംഭവം ഏറ്റുമുട്ടലിന്റെ ഭാഗമായുള്ളതല്ല. അവിടെയെത്തി മൃതദേഹം കണ്ട സി.പി.ഐ ജനപ്രതിനിധികള്‍ നടത്തിയ പരിശോധനയില്‍ ഏറ്റുമുട്ടലിന്റേതായ ഒരു ലക്ഷണവും കണ്ടെത്തിയിട്ടില്ല. മരിച്ച വേല്‍മുരുകന്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്. ഏറ്റുമുട്ടലാണെങ്കില്‍ ഒരു പൊലിസുകാരനെങ്കിലും പരുക്കുണ്ടാകേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല.
കേരളത്തില്‍ നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നില്ലെന്നിരിക്കെ ഇടയ്ക്കിടെ ഇവരെ വെടിവച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ്. കേരളത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ല. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിടണം. മുന്‍ അന്വേഷണങ്ങളിലെ ശരിയായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."