മണിപ്പൂര്‍: എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
ഇംഫാല്‍: മണിപ്പൂരില്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എയുടെ വിജയം മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് വിവരങ്ങളുമായി ബന്ധപ്പെട്ട അഫിഡവിറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കാക്ചിങ് മണ്ഡലത്തില്‍നിന്നു വിജയിച്ച വൈ. സര്ചന്ദ്രയുടെ തെരഞ്ഞെടുപ്പാണ് ജസ്റ്റിസ് എം.വി മുരളീധരന് അസാധുവായി പ്രഖ്യാപിച്ചത്. പകരം ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എം. രാമേശ്വറിനെ വിജയിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എം. രാമേശ്വറായിരുന്നു വിഷയത്തില്‍ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 630 വോട്ടിനാണ് സര്ചന്ദ്ര വിജയിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇദ്ദേഹം സമര്‍പ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സര്ചന്ദ്ര പിന്നീട് ബി.ജെ.പിയില്‍ ചേരുകയും കൂറുമാറ്റത്തിന് നിയമസഭാ സ്പീക്കര്‍ അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തിരുന്നു.
മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റുകളില്‍ 28 എണ്ണം നേടി കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷിയായിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് രാഷ്ട്രീയ നീക്കത്തിലൂടെ നിലവില്‍ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."