കടലോര ടൂറിസം: കുതിപ്പിനൊരുങ്ങി പൊന്നാനി
പൊന്നാനി: കടലോര ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്കുള്ള കുതിപ്പിലാണ് പൊന്നാനി. കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ എറ്റവും മികച്ച ടൂറിസം പദ്ധതികളാണ് പൊന്നാനിക്ക് കൈവന്നത്. 2017ലാണ് സംസ്ഥാനത്തെ 20 ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നായി പൊന്നാനി ഇടംനേടുന്നത്.
പൊന്നാനിയുടെയും വന്നേരിനാട് അടങ്ങുന്ന വള്ളുവനാടിന്റെയും കലാസാംസ്‌കാരിക പൈതൃകം പുതുതലമുറക്ക് അനുഭവവേദ്യമാക്കാന്‍ ഒരുക്കുന്ന നിളാ ഹെറിറ്റേജ് മ്യൂസിയം അവസാനഘട്ട മിനുക്ക് പണിയിലാണ്. ഭാരതപ്പുഴയുടെ തീരത്ത് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയമാണ് ഇത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.5 കോടിയും ടൂറിസം വകുപ്പില്‍നിന്ന് 1.6 കോടിയും അനുവദിച്ചാണ് നിര്‍മാണം. മ്യൂസിയത്തില്‍തന്നെ ടൂറിസം വകുപ്പിന്റെ ഫണ്ടില്‍ നിര്‍മിക്കുന്ന മറൈന്‍ മ്യൂസിയവും മിനി സ്റ്റേഡിയത്തില്‍ 12 കോടി ചെലവില്‍ നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് പാര്‍ക്കും നിര്‍മാണം പുരോഗമിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും പൊന്നാനിയുടെ കായിക ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകും. പൊന്നാനിയുടെ അഭിമാനമായി മാറിയ പദ്ധതിയാണ് ബിയ്യം ടൂറിസം. രണ്ടരക്കോടി ചെലവില്‍ ബിയ്യം റഗുലേറ്റര്‍ കംബ്രിഡ്ജിനോട് ചേര്‍ന്ന് ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച പദ്ധതി ടൂറിസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നാടിന് സമര്‍പ്പിച്ചത്. കൂടാതെ ബിയ്യം കായല്‍ വള്ളംകളി നടക്കുന്ന പവലിയന്‍ പ്രദേശത്തിന്റെ നവീകരണത്തിനായി ഒരു കോടിയും അനുവദിച്ച് നിര്‍മാണം പുരോഗമിക്കുകയാണ്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ടൂറിസം മേഖലയിലെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 160 കോടിയാണ് ബജറ്റില്‍ വകയിരുത്തി ഭരണാനുമതി ലഭ്യമാക്കിയത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്ന് നിളാ നദിയുടെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യുന്നതിനായി 'ഗുഡ് മോര്‍ണിങ് പൊന്നാനി' പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി പുഴയോരപാതയായ ചമ്രവട്ടം കടവ് മുതല്‍ പൊന്നാനി ഹാര്‍ബര്‍ വരെ എഴ് കിലോമീറ്റര്‍ നീളത്തിലുള്ള കര്‍മ റോഡിന് തുടക്കം കുറിച്ചു. റോഡിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കനോലി കനാലിന് കുറുകെ പാലത്തിനും റോഡിനുമായി 38 കോടിയും അനുവദിച്ച് ഭരണാനുമതി ലഭ്യമായി. രണ്ടാംഘട്ട പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതോടെ തിരൂരില്‍നിന്ന് പൊന്നാനിയിലേക്ക് വരുന്നവര്‍ക്ക് ചമ്രവട്ടംകടവ് വഴി ഭാരതപ്പുഴയുടെ സൗന്ദര്യം നുകര്‍ന്ന് പുഴയോരപാതയിലൂടെ ഗതാഗത കുരുക്കില്ലാതെ പൊന്നാനിയിലെത്താം.
പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന അഴിമുഖത്ത് നിര്‍മിക്കുന്ന സസ്‌പെന്‍ഷന്‍ ബ്രിഡ്ജിനായി 100 കോടി 2017ല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പ്രളയശേഷം പൊന്നാനി കടലില്‍ രൂപപ്പെട്ട ഒരു കിലോമീറ്റര്‍ കടലിനുള്ളിലേക്ക് നില്‍ക്കുന്ന മണല്‍തിട്ടയെ ടൂറിസം മേഖലയാക്കാനും ആലോചനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."