ദീപാവലി: പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കര്‍ണാടകയും
ബംഗളൂരു: അടുത്തയാഴ്ച ദീപാവലി ആഘോഷിക്കുമ്പോള്‍ പടക്കം പൊട്ടിക്കുന്നത് വിലക്കി കര്‍ണാടകയും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വായു മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവെന്നു കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ് വ്യക്തമാക്കി. ദീപാവലി സീസണില്‍ പടക്കം ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം നിരോധിക്കുന്ന ഏഴാമത്തെ സംസ്ഥാനാണ് കര്‍ണാടക.
നേരത്തെ ഡല്‍ഹി, രാജസ്ഥാന്‍, ഒഡിഷ, സിക്കിം, മഹാരാഷ്ട്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പടക്കം ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹരിയാനയിലും മധ്യപ്രദേശിലും ഭാഗിക നിയന്ത്രണമുണ്ട്. ഡല്‍ഹിയിലും രാജസ്ഥാനിലും പടക്കം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ പിഴയീടാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. നവംബര്‍ 10 മുതല്‍ 30വരെയാണ് ഈ നിരോധനം.
ഭോപ്പാല്‍: ദീപാവലിയോടനുബന്ധിച്ച് പടക്കം വില്‍പനയ്ക്കുവച്ച മുസ്‌ലിം വ്യാപാരികളെ തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരെത്തി കൈയേറ്റം ചെയ്തു. മധ്യപ്രദേശില്‍ പടക്കവിപണിക്കു ഭാഗിക നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ദീപാവലിക്ക് മുസ്‌ലിം വ്യാപാരികള്‍ പടക്കം വില്‍ക്കേണ്ടതില്ലെന്നാണു ഭീഷണിപ്പെടുത്തിയാണ് ചിലര്‍ വ്യാപാരികളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുമുണ്ട്.
ദേവാസ് ജില്ലയിലായിരുന്നു സംഭവം. ഹിന്ദു ദൈവങ്ങളുടെ ചിത്രമോ പേരോ ഉള്ള പടക്കങ്ങള്‍ മുസ്‌ലിംകള്‍ വില്‍ക്കേണ്ടെന്നായിരുന്നു ഭീഷണി. ബി.ജെ.പിക്കാരടക്കമുള്ളവരാണ് കടകളിലെത്തി വ്യാപാരികളെ കൈയേറ്റം ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ നടപടിയെടുക്കുമെന്നു ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിഗ് വിജയ് സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."