പുല്‍വാമക്ക് സമാനമായ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ്
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ പുല്‍വാമക്ക് സമാനമായ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ്. പാകിസ്താനാണ് ഇന്ത്യക്ക് ഈ വിവരം നല്‍കിയത്. വാഹനങ്ങളില്‍ സ്‌ഫോടന വസ്തുക്കള്‍ നിറച്ചുള്ള ആക്രമണങ്ങള്‍ക്കാണ് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറഞ്ഞു.
സമാനമായ മുന്നറിയിപ്പ് യു.എസും കൈമാറിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ത്രാലില്‍ കഴിഞ്ഞ മാസം ഭീകരന്‍ സാകിര്‍ മുസ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായിട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. അല്‍ ഖാഇദയുമായി ബന്ധമുള്ള അന്‍സാര്‍ ഗസ്‌വത്തില്‍ ഹിന്ദിന്റെ തലവനായിരുന്നു സാകിര്‍ മൂസ. അവന്തിപ്പോര്‍ ജില്ലയിലാണ് ആക്രണമണ സാധ്യത. മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മുകശ്മിരില്‍ സുരക്ഷാ സംവിധാനം വര്‍ധിപ്പിച്ചു. അമര്‍നാഥ് തീര്‍ഥയാത്ര വരാനിരിക്കെയാണ് ആക്രമണ മുന്നറിയിപ്പുണ്ടായിരിക്കുന്നത്. തീര്‍ഥയാത്രക്ക് മുന്നോടിയായി 450 സി.ആര്‍.പി.എഫ് കമ്പനികളെ കശ്മിരില്‍ അധികമായി നിയോഗിച്ചിട്ടുണ്ട്.ഇസ്‌ലാമാബാദിലെ ഇന്ത്യ ഹൈകമ്മിഷണര്‍ക്കാണ് പാകിസ്താന്‍ ആക്രമണ മുന്നറിയിപ്പ് കൈമാറിയത്. എന്നാല്‍ ആക്രമണമുണ്ടായതിന് ശേഷം പാകിസ്താനെതിരേ ആരോപണം ഉന്നയിക്കാതിരിക്കാനാണ് അവര്‍ വിവരം മുന്‍കൂട്ടി അറിയിച്ചതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരേ പുല്‍വാമയിലുണ്ടായ ഭീകര ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയിലെ ബന്ധം വഷളായിരുന്നു.
ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത ഓപറേഷന്‍;
70 തീവ്രവാദികളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത ഓപറേഷന്‍ നടത്തി. സണ്‍റൈസ് ഓപറേഷന്‍ 2 എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെ നിരവധി ഭീകരക്യാംപുകള്‍ തകര്‍ത്തു.
70 ഭീകരരെ അറസ്റ്റ് ചെയ്തു. മെയ് 16 മുതല്‍ മൂന്നാഴ്ച നീണ്ട ഓപറേഷന്‍ ഇന്തോ- മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് നടന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
മണിപ്പൂര്‍, നാഗാന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് സംയുക്ത നീക്കം നടത്തിയത്. കാംപ്റ്റാപൂര് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(കെ.എല്‍.ഒ), എന്‍.എസ്.സി.എന്‍(കപ്‌ലാങ്), യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം(1), നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍.ഡി.എഫ്.ബി) എന്നീ തീവ്രവാദി സംഘടനകളുടെ ക്യാംപുകളാണ് തകര്‍ത്തത്. 50 ഓളം തീവ്രവാദി ഗ്രൂപ്പുകളാണ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഓപറേഷന്‍ സണ്‍റൈസിന്റെ ഒന്നാംഘട്ടം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. നിരവധി ഭീകര ക്യാംപുകള്‍ അന്ന് തകര്‍ത്തിരുന്നു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംയുക്ത ഓപറേഷന്റെ മൂന്നാംഘട്ടം നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മ്യാന്മര്‍ ഇന്ത്യയുമായി 1640 കി.മീ അതിര്‍ത്തി പങ്കിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."