അര്‍ണബിന്റെ ഹരജിയില്‍ വാദം ഇന്നും തുടരും
മുംബൈ: 2018ലെ ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘ്പരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമി, അറസ്റ്റിനെ ചോദ്യം ചെയ്തും ജാമ്യം തേടിയും സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി പരിഗണിച്ചു. ഇന്നലെ ഹരജിയില്‍ വാദംകേട്ട കോടതി, ഇന്ന് ഉച്ചയ്ക്കു ശേഷം വീണ്ടും വാദംകേള്‍ക്കാനായി മാറ്റിവച്ചു.
തനിക്കെതിരേ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിശദമായി വാദംകേട്ട ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.
ഇന്നലെ ഹരജി പരിഗണിച്ച കോടതി, ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം, വാദം ഇന്നും തുടരുമെന്നു വ്യക്തമാക്കുകയായിരുന്നു. നേരത്തെ, അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളിയ അലിബാഗിലെ കോടതി, അദ്ദേഹത്തെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അര്‍ണബിനെ കസ്റ്റഡിയിലെടുത്തിരുന്നത്. തന്നെ പൊലിസ് ഉപദ്രവിച്ചെന്ന അര്‍ണബിന്റെ വാദം അലിബാഗിലെ കോടതി തള്ളിയിരുന്നു.
അതേസമയം, മഹാരാഷ്ട്ര നിയമസഭയുടെ വിശേഷാധികാരം ചോദ്യം ചെയ്‌തെന്ന കേസില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി തടഞ്ഞു. ഈ വിഷയത്തില്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന അര്‍ണബിനെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു നിയമസഭാ സമിതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.
രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോള്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."