നിയമ ലംഘകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 റിയാല്‍ പാരിതോഷികം
ജിദ്ദ: നിയമ ലംഘകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനി 50,000 റിയാല്‍ വരെ പാരിതോഷികം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പാരിതോഷികം നല്‍കുമോ എന്നതടക്കം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പൊതുസുരക്ഷാ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. എന്നു മുതലാണ് പാരിതോഷികം നല്‍കി തുടങ്ങുകയെന്നും ഇതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും അധികൃതര്‍ അറിയിച്ചിട്ടില്ല.
നിയമ ലംഘകരെ കണ്ടെത്താന്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് പൊതുസുരക്ഷാ വകുപ്പ് പുതിയ പദ്ധതി ആരംഭിക്കുന്നത്. സൗദിയില്‍ നിയമലംഘകരെയും നിയമലംഘനങ്ങളെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്ന നാലാമത്തെ വകുപ്പാണ് പൊതുസുരക്ഷാ വകുപ്പ്. പാരിതോഷികം നല്‍കുന്ന പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത് ആഭ്യന്തര മന്ത്രാലയമാണ്. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് മന്ത്രാലയം പാരിതോഷികം നല്‍കുന്നത്. ഒരു ഭീകരനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം റിയാലും ഒന്നിലധികം ഭീകരരെ അറസ്റ്റ് ചെയ്യുന്നതിനു സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം റിയാലും ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തുന്നതിനു സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് 70 ലക്ഷം റിയാലുമാണ് ആഭ്യന്തര മന്ത്രാലയം പാരിതോഷികം നല്‍കുന്നത്.
ബിനാമി ബിസിനസുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയവും പാരിതോഷികം കൈമാറുന്നുണ്ട്. നിയമ ലംഘകരില്‍നിന്ന് ഈടാക്കുന്ന പിഴയുടെ മുപ്പതു ശതമാനം വരെയാണ് ബിനാമി ബിസിനസുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പാരിതോഷികമായി കൈമാറുന്നത്. തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി ഏഴു മാസം മുമ്പ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ആരംഭിച്ചു. മന്ത്രാലയം ആരംഭിച്ച സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴി നിയമ ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക. നിയമ ലംഘകരില്‍നിന്ന് ഈടാക്കുന്ന പിഴ തുകയുടെ പത്തു ശതമാനമാണ് ഇതേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ലഭിക്കുക.
വിസ വില്‍പന, മധ്യാഹ്ന വിശ്രമ നിയമ ലംഘനം, വ്യാജ സൗദിവല്‍ക്കരണം, സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കല്‍, വനിതാവല്‍ക്കരിച്ച തൊഴിലുകളില്‍ പുരുഷ ജീവനക്കാരെ നിയമിക്കല്‍, ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കല്‍ എന്നീ ആറു നിയമ ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പാരിതോഷികം നല്‍കുന്നത്. നിയമലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഫലം ചെയ്യുന്നതിന് തുടങ്ങിയിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു. കുറഞ്ഞ കാലയളവില്‍ നിരവധി വിദേശികള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും മറ്റു സഹായ സൗകര്യങ്ങളും നല്‍കരുത്. നിയമ ലംഘകരുടെ സാന്നിധ്യം സാമൂഹിക, സുരക്ഷാ, സാമ്പത്തിക, ആരോഗ്യ മേഖലകളില്‍ ഭീഷണിയാണ്. നിയമലംഘകരില്‍ പലരും സമൂഹത്തിന് കടുത്ത ഭീഷണിയാണ്. ഇത്തരക്കാരെ എത്രയും വേഗം രാജ്യത്തുനിന്ന് പുറത്താക്കേണ്ടത് നിര്‍ബന്ധമാണെന്നും മേജര്‍ ജനറല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."