തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം
തിരുവനന്തപുരം: തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖാന്തരം നടപ്പാക്കിവരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായാണ് തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും അനുവദിക്കുന്നത്.
കുടുംബത്തിലെ അന്നദാതാക്കള്‍ ജയിലിലാവുമ്പോള്‍ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപ്പോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.
തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിപ്രകാരം അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ വീതവും ആറുമുതല്‍ 10 വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് 500 രൂപ വീതവും പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലുള്ളവര്‍ക്ക് 750 രൂപ വീതവും സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലും മെറിറ്റ് സീറ്റില്‍ അണ്‍ എയ്ഡഡ് കോളജുകളിലും ഡിഗ്രി പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് 1,000 രൂപ വീതവുമാണ് പ്രതിമാസം അനുവദിക്കുന്നത്. കുടുംബനാഥന്‍ ജയിലില്‍ കഴിയുന്നതുമൂലം വനിതകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കും വനിതാ തടവുകാരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കിവരുന്ന പദ്ധതിയാണിത്.
ജീവപര്യന്തമോ വധശിക്ഷയ്‌ക്കോ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ കുട്ടികള്‍ക്കാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."