കത്തി ആക്രമണം: ജപ്പാനിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ടത് 19 പേര്‍
ടോക്കിയോ: ജപ്പാനില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ കത്തി ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ടോക്കിയോക്ക് പടിഞ്ഞാറ് 50 കി.മി അകലെ സഗമിഹാരയിലാണ് സംഭവം. ജപ്പാനില്‍ ദശാബ്ദത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നാണിത്. ആക്രമണത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്.
മാനസികരോഗികള്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് പൊലിസ് അറിയിച്ചു. ഫെബ്രുവരി മുതല്‍ കേന്ദ്രത്തില്‍ ജോലിചെയ്തുവരികയായിരുന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായ 26കാരനായ സതോഷി എമാഷുവാണ് കൂട്ടക്കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കൊലപാതകം നടത്തിയത് താനാണെന്ന് പ്രതി മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ഓടെയാണ് കത്തിയുമായി യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇയാളുടെ കാറില്‍ നിന്ന് കണ്ടെടുത്തു.
സംഭവത്തെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രം താത്കാലികമായി അടച്ചു. മാനസികരോഗികളടക്കം ഭിന്നശേഷിക്കാരെ സംരക്ഷിക്കാനായി ഷാങ്ഹായി നദീ തീരത്ത് പ്രാദേശിക സര്‍ക്കാരാണ് പ്രത്യേക പുനരധിവാസ കേന്ദ്രം സ്ഥാപിച്ചത്. 19 മുതല്‍ 75 വയസുവരെ പ്രായമുള്ള 149 പേരാണ് കേന്ദ്രത്തില്‍ കഴിയുന്നത്. ഇതില്‍ 40 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഒന്‍പത് ജീവനക്കാരും ആക്രമണം നടക്കുമ്പോള്‍ കേന്ദ്രത്തിലുണ്ടായിരുന്നു. ഏഴര ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കെട്ടിട സമുച്ചയത്തില്‍ നീന്തല്‍കുളം, ജിംനേഷ്യം, മെഡിക്കല്‍ ക്ലിനിക് അടക്കമുള്ളവയാണ് പ്രവര്‍ത്തിക്കുന്നത്.
കൊലപാതകി കഴിഞ്ഞ ഫെബ്രുവരിയില്‍ രോഗികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രാഷ്ട്രീയ നേതാക്കള്‍ക്ക് കത്തെഴുതിയിരുന്നുവെന്ന് പൊലിസ് പറഞ്ഞു. രാത്രി ഷിഫ്റ്റിനിടെ നൂറുകണക്കിന് ആളുകളെ ഇത്തരത്തില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്ന് കൊയ്‌ദോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മാനസികാരോഗ്യമുള്ളവരെ ഇത്തരം കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിന് കൊലപാതകി എതിരായിരുന്നുവെന്നാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും സ്പീക്കര്‍മാര്‍ക്ക് പ്രതി എഴുതിയ കത്തില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടാഴ്ച മുന്‍പ് വരെ ഇയാള്‍ ആശുപത്രിയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."