ലൈഫ് മിഷന്‍: ശിവശങ്കറും സ്വപ്നയും 30 കോടി കമ്മിഷന്‍ കൈപ്പറ്റിയെന്ന് അനില്‍ അക്കര
തൃശൂര്‍: ലൈഫ് മിഷനില്‍ ശിവശങ്കറും സ്വപ്നയും 30 കോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്ന് അനില്‍ അക്കര എം.എല്‍.എ. ലൈഫ് മിഷന്‍ ഇടപാടില്‍ ഇ.ഡിയുടെ കണ്ടെത്തലുകള്‍ അട്ടിമറിക്കാനാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശ്രമമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഗര, ഗ്രാമീണ മേഖലകളിലെ പാര്‍പ്പിട പദ്ധതിക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി അട്ടിമറിക്കാനായി പ്രീ ഫാബ് ടെക്‌നോളജി കൊണ്ടുവന്നത് ശിവശങ്കറാണ്. 2019 ജൂലൈ 11നും അഞ്ചിനുമാണ് സര്‍ക്കാര്‍ ഇതിനായി ഉത്തരവിറക്കിയത്. 500 കോടിയുടെ അനുമതിയും നല്‍കി. സി.പി.ഡബ്ലിയു.ഡിയുടെ സാങ്കേതിക അനുമതിയില്ലാതെ രണ്ടു കമ്പനികളെ മുന്നില്‍കണ്ട് പ്രത്യേക ടെന്‍ഡര്‍ നടത്തിയത് യു.വി ജോസിന്റെ മേല്‍നോട്ടത്തിലാണ്. നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിത്.
ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കാണ് കരാര്‍ നല്‍കിയത്. ഇതിനായി കമ്പനികളില്‍ നിന്ന് 20 ശതമാനം കമ്മിഷനും ഉറപ്പിച്ചു. 100 കോടി കമ്മിഷനില്‍ ആദ്യ ഗഡുവായി 30 കോടി വിദേശത്തുവച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറുകയും ചെയ്തു. ഇതിന്റെ തെളിവുണ്ട്. അവയെല്ലാം അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ പി.ഡബ്ലിയു.ഡിയുടെ നിരക്ക് അവഗണിച്ച് മാര്‍ക്കറ്റ് നിരക്കിലാണ് കരാറുറപ്പിച്ചത്. പെന്നാര്‍ സ്ഥാപനത്തില്‍ ഇ.ഡി നടത്തിയ പരിശോധനയില്‍ വിലപ്പെട്ട രേഖകളും തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
ഇതുകൊണ്ടാണ് ഇ.ഡിയുടെ ഇടപെടലിനെ തടയാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി രംഗത്തെത്തിയത്. അന്വേഷണ ഏജന്‍സിക്കെതിരേയുള്ള നീക്കം ഇനി പിടിച്ചുനില്‍ക്കാന്‍ വേറെ വഴിയില്ല എന്ന് മനസ്സിലാക്കിയാണെന്നും അനില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."