മക്ക ക്രെയിന്‍ ദുരന്തം: പ്രതികളുടെ പുനര്‍ വിചാരണ നാളെ വീണ്ടും ആരംഭിക്കും
റിയാദ്: വിശുദ്ധ ഹറമിലുണ്ടായ ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മക്ക ക്രിമില്‍ കോടതിയില്‍ നാളെ മുതല്‍ പുനര്‍വിചാരണ ആരംഭിക്കും. പതിമൂന്നു പ്രതികളോടും വിചാരണക്ക് ഹാജരാകുന്നതിന് മക്ക കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക ക്രിമനല്‍ കോടതിയുടെ നേരത്തെയുള്ള വിധി അപ്പീല്‍ കോടതി റദ്ദാക്കിയാണ് കേസ് പുനര്‍വിചാരണക്ക് ആവശ്യപ്പെട്ടത്. ജനുവരി 26 നു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധി വന്നുവെങ്കിലും അതിനെതിരെയാണ് ഇപ്പോള്‍ അപ്പീല്‍ കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.
മൂന്നംഗ ബെഞ്ചില്‍ രണ്ടു ജഡ്ജിമാരാണ് കേസ് പരിശോധിക്കുന്നതിന് ക്രിമിനല്‍ കോടതിക്ക് അധികാരമില്ലെന്ന് വിധിച്ചത്. കേസ് പരിശോധിക്കുന്നതിന് ക്രിമിനല്‍ കോടതിക്ക് അധികാരമുണ്ടെന്ന നിലപാടാണ് മൂന്നാമത്തെ ജഡ്ജി സ്വീകരിച്ചത്. തുടര്‍ന്ന് ഭൂരിഭാഗത്തിന്റെ അഭിപ്രായം അനുസരിച്ച് കേസില്‍ ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. എന്നാല്‍ ഈ വിധി റദ്ദാക്കിയ അപ്പീല്‍ കോടതി കേസ് പുനര്‍വിചാരണ ചെയ്യുന്നതിന് മക്ക ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ ഒരു ഭാഗം ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ മേല്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഇത് കോടതി അംഗീകരിച്ചാല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും ഹറമിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഗവണ്‍മെന്റിനും ഭീമമായ തുക നഷ്ടപരിഹാരം നല്‍കുന്നതിന് ബിന്‍ ലാദിന്‍ കമ്പനി നിര്‍ബന്ധിതമാകും. ഹജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 2015 സെപ്റ്റംബര്‍ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് ലോകത്തെ ഏറ്റവും വലിയ ക്രെയിന്‍ ശക്തമായ കാറ്റില്‍ പൊട്ടിവീണത്. ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 108 പേര്‍ മരണപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."