സമരത്തില്‍ പങ്കെടുത്ത ശീഈ ബാലന് വധശിക്ഷ നടപ്പാക്കില്ലെന്ന് സഊദി
റിയാദ്: പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ട ശീഈ ബാലന് വധശിക്ഷ നടപ്പാക്കില്ലെന്ന് സഊദി. മുര്‍തജ ഖുറൈറിസ് എന്ന 10 വയസുകാരനാണ് നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് അഞ്ചുവര്‍ഷമായി സഊദി ജയിലില്‍ കഴിയുന്നത്.
12 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട മുര്‍തജയെ 2022ഓടെ മോചിപ്പിക്കുമെന്ന് സഊദി അധികൃതര്‍ അറിയിച്ചു. 2014 സെപ്തംബറിലാണ് ബാലനെ ജയിലിലടച്ചത്.
കുട്ടിയെ വധശിക്ഷയ്ക്കിരയാക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സഊദി നിഷേധക്കുറിപ്പിറക്കിയത്.
പൊലിസിനെതിരേ നടന്ന ആക്രമണങ്ങള്‍ക്കിടെ ഭീകരവാദി സംഘത്തിലെ അംഗമായ പ്രതി നാടന്‍ കൈബോംബ് ഉപയോഗിച്ചുവെന്നാണ് മുര്‍തജയ്‌ക്കെതിരായ കേസ്.
2014ല്‍ ജര്‍മന്‍ നയതന്ത്ര വാഹനത്തെ ആക്രമിച്ച കേസിലും ഈ ബാലനെ പ്രതിചേര്‍ത്തിരുന്നു. 10 വയസുള്ളപ്പോള്‍ ചെയ്ത കുറ്റങ്ങളുടെ പേരില്‍ ശീഈ ബാലനെ സഊദി വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ പോവുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശസംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതാണ് സഊദിയെ ശിക്ഷ മയപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കിയതെന്നു കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."