ആചാരമെന്ന് കരുതി കാളപ്പോരിനെ പിന്തുണയ്ക്കാനാകില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത ആചാരമാണെന്ന കാരണത്താല്‍ ജെല്ലിക്കെട്ടിനെ(കാളപ്പോര്) ന്യായീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി. പരമ്പരാഗത ആചാരമായതിനാല്‍ നിരോധിക്കരുതെന്ന ന്യായം പരിഗണിക്കുകയാണെങ്കില്‍ ശൈശവവിവാഹത്തെ നിയമവിധേയമാക്കേണ്ടിവരുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
പാരമ്പര്യം പറഞ്ഞ് ആചാരങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. 5,000 വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ടെന്ന തമിഴ്‌നാട് വാദം തള്ളിയാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും ആര്‍.എഫ് നരിമാനും അടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെ പ്രതികരണം.
പഴയകാലത്ത് ഒരുപാട് ആചാരങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, കാലപ്പഴക്കമുണ്ടെന്ന കാരണത്താല്‍ പരമ്പരാഗതമായി ചെയ്തുപോരുന്ന ആചാരങ്ങള്‍ തുടര്‍ന്നും നടത്തണമെന്ന് ആവശ്യപ്പെടാനാകില്ല.
നിയമവശങ്ങള്‍ കൂടി പരിശോധിച്ചശേഷമേ ജെല്ലിക്കെട്ടിന് അനുമതി നല്‍കണോ വേണ്ടയോ എന്നു തീരുമാനമിക്കാന്‍ കഴിയൂവെന്ന് തമിഴ്‌നാടിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫഡെയെ കോടതി അറിയിച്ചു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രിംകോടതി അടുത്തമാസം 23ലേക്ക് മാറ്റി. ജെല്ലിക്കെട്ടിന് ഈ വര്‍ഷം ജനുവരിയില്‍ ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നും ഹരജി വിശാല ബെഞ്ചിനു വിടണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ വാദംകേള്‍ക്കുന്നതിനായി കേസ് അടുത്തമാസത്തേക്കു നീട്ടിവച്ചത്.
2014 മെയിലാണ് സുപ്രിംകോടതി ജെല്ലിക്കെട്ടുള്‍പ്പെടെ കന്നുകാലികളെ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷങ്ങളിലെ മുഖ്യ ഇനങ്ങളിലൊന്നായ ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രബലകക്ഷികളായ ഡി.എം.കെയും അണ്ണാ ഡി.എം.കെയും അടക്കമുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും മൃഗാവകാശ പ്രവര്‍ത്തകര്‍ സുപ്രിംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇതു സ്റ്റേചെയ്തു.
പിന്നീട് തമിഴ്‌നാടിനോട് ഈ വിഷയത്തില്‍ പ്രതികരണം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാരമ്പര്യമായി നടക്കുന്ന ആചാരമായതിനാല്‍ ജെല്ലിക്കെട്ട് നിരോധിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടത്.
ജെല്ലിക്കെട്ട് നടത്തുമ്പോള്‍ കാളകളുടെ സംരക്ഷണം ഉറപ്പുവരുത്താനായി പ്രത്യേക ആളുകളെ നിയോഗിക്കാറുണ്ട്. ഗ്രാമീണ ആചാരങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനമാണിത്.
കാളകളെ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിനു മതപരമായി പ്രാധാന്യമുണ്ടെന്നും ഒരുപ്രദേശത്തു നിലനിന്നുപോരുന്ന പരമ്പരാഗത ആചാരങ്ങളെ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നുമായിരുന്നു തമിഴ്‌നാടിന്റെ വാദം. എന്നാല്‍, തമിഴ്‌നാടിന്റെ ഈ വാദങ്ങളില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."