കോഴിയുണ്ട്, പക്ഷേ മുട്ടയ്ക്ക് മാര്‍ക്കറ്റില്ല; നട്ടംതിരിഞ്ഞ് കര്‍ഷകര്‍
കോഴിക്കോട്: നാട്ടുമ്പുറത്തുകാര്‍ക്ക് ആരോഗ്യവും ആദായവും നല്‍കുന്ന മുട്ടഗ്രാമം പദ്ധതി അവതാളത്തില്‍. കോഴിമുട്ടകള്‍ക്ക് മാര്‍ക്കറ്റില്ലാതായതോടെയാണ് ഈ രംഗത്തുള്ളവര്‍ പ്രയാസത്തിലായത്. സര്‍ക്കാരിന്റെ പദ്ധതി വന്‍വിജയമായെങ്കിലും കര്‍ഷകരും സാധാരണക്കാരുമെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
ഗ്രാമപ്രദേശങ്ങളിലെ അധിക വീടുകളിലും ഇപ്പോള്‍ കോഴികള്‍ സുലഭമാണ്. എന്നാല്‍ മുട്ട മാര്‍ക്കറ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതില്‍ നിന്നുള്ള വരുമാനം തടസപ്പെടാന്‍ കാരണം.
അതോടൊപ്പം കുതിച്ചുയരുന്ന കോഴിത്തീറ്റവിലയും പ്രതിസന്ധിയുണ്ടാക്കുകയാണ്.പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൃഗാശുപത്രികള്‍ വഴിയും അല്ലാതെയുമെല്ലാം കോഴികള്‍ വിതരണം ചെയ്യുന്നുണ്ട്. കുറഞ്ഞ വിലയില്‍ പ്രതിരോധ ശേഷിയുള്ള നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുന്നുണ്ട്. നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി കോഴി വസന്ത പോലുള്ള അസുഖങ്ങള്‍ വന്ന് കോഴികള്‍ കൂട്ടത്തോടെ ചത്തുപോകുന്ന അവസ്ഥ ഇപ്പോഴില്ല. എന്നാല്‍ കോഴികള്‍ വളര്‍ന്ന് വലുതായി മുട്ടയിടാന്‍ തുടങ്ങുന്നതോടെ മുട്ടകള്‍ സംഭരിച്ച് മാര്‍ക്കറ്റ് ചെയ്യാനുള്ള സമഗ്രമായ സംവിധാനങ്ങളില്ല.
കോഴികള്‍ എല്ലാ വീടുകളിലും മുട്ടയിട്ടു തുടങ്ങിയതോടെ ഇവ എങ്ങിനെ വിറ്റഴിക്കാം എന്ന ആലോചനയിലാണ് കര്‍ഷകര്‍. അതിനിടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് പൗള്‍ട്രി ഫാമുകളില്‍ നിന്നുമുള്ള മുട്ടകള്‍ മാര്‍ക്കറ്റിലെത്തുന്നതോടെ കര്‍ഷകരുടെ കോഴി മുട്ടയ്ക്ക് ആവശ്യക്കാരില്ലാതായിരിക്കയാണ്. നാടന്‍ മുട്ടകള്‍ക്ക് നേരത്തെ മാര്‍ക്കറ്റില്‍ നല്ല വിലയും ഡിമാന്‍ഡും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിന് ആവശ്യക്കാരില്ലാതായി.
സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും ആവശ്യമായ മുട്ടകള്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുകയാണെങ്കില്‍ തന്നെ കര്‍ഷകര്‍ക്ക് ആശ്വാസമാവും. കോഴിത്തീറ്റയുടെ വില വര്‍ധനയാണ് വലിയ പ്രശ്‌നം. മുട്ടക്കോഴികള്‍ക്ക് നല്‍കേണ്ട പ്രത്യേക തരം തീറ്റയ്ക്ക് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 മുതല്‍ 35 വരെയാണ് വില.
രണ്ടു മാസം പ്രായമായതു മുതല്‍ കൂട്ടില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് ഏകദേശം 100 ഗ്രാം കോഴിത്തീറ്റ വേണം.100 കോഴിയെ വളര്‍ത്തുമ്പോള്‍ പത്ത് കിലോ തീറ്റയെങ്കിലും ദിനേന വേണ്ടിവരും. അഞ്ചു മാസം വരേ ഇങ്ങിനെ പോറ്റി വളര്‍ത്തിയ ശേഷമാണ് കോഴികള്‍ മുട്ടയിടുന്നത്. ഭദ്രമായ നിലയില്‍ കോഴിക്കൂട് പണിയാനുള്ള ചെലവ് വേറെയുമുണ്ട്.
ഒടുക്കം കോഴി മുട്ടകള്‍ വിറ്റു പോകാതാവുന്നതോടെ കര്‍ഷകര്‍ക്ക് ഇരട്ടി നഷ്ടമുണ്ടാവുകയാണ്. മുട്ടഗ്രാമം പദ്ധതി വന്നതോടെ നാട്ടിന്‍ പുറത്തെ കോഴികള്‍ നാമാവശേഷമാവുകയും പുറമേ നിന്നുള്ളവ രംഗം കീഴടക്കുകയും ചെയ്തു.
മികച്ച ഇനം കോഴികളെന്ന പേരില്‍ ഗ്രാമലക്ഷ്മി,ഗ്രാമപ്രിയ,നേക്ഡ് നക്ക്, അസീല്‍ തുടങ്ങി നിരവധിയിനങ്ങളാണ് ഗ്രാമങ്ങളിലെത്തിയത്. തീറ്റ കൊടുക്കുന്നതിനനുസരിച്ച് ഇവ ധാരാളം മുട്ടകള്‍ ഇടും. പക്ഷേ ഇങ്ങിനെ ലഭിക്കുന്ന മുട്ടകള്‍ എങ്ങിനെ വില്‍പ്പന നടത്തുമെന്നാണ് കര്‍ഷകരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."