രവീന്ദ്രനെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആദ്യം ന്യായീകരിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്തതിനു സമാനമായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെയും കോഴി കൂവുന്നതിനു മുന്‍പായി മൂന്നു വട്ടം മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണം തന്നിലേക്ക് അടുക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകാത്തത് വിചിത്രമാണ്. സി.എം രവീന്ദ്രന് ഇ.ഡിയുടെ ചോദ്യങ്ങളെ ഫലപ്രദമായി നേരിടാനും തന്ത്രം മെനയാനും ഈ അവസരം ഉപയോഗപ്പെടുത്താമെന്നും മുല്ലപ്പള്ളി പരിഹസിച്ചു. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയ സ്പീക്കറുടെ ഉത്തരവ് അസാധാരണമാണ്. മാവോവാദികളെ പൊലിസ് വെടിവച്ചു കൊല്ലുന്നത് കേന്ദ്രഫണ്ടിന് വേണ്ടിയാണെന്ന സി.പി.ഐ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറയണം. മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടുന്നതിനു പകരം വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തുന്നത് മനുഷ്യത്വരഹിതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."