നവകേരളം: ജില്ലയില്‍ നിന്ന് 30.87 കോടി
കണ്ണൂര്‍: നവകേരളത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടത്തിവരുന്ന ധനസമാഹരണ യജ്ഞം കണ്ണൂരില്‍ പൂര്‍ത്തിയായി. ജില്ലയില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,87,40,267 കോടി രൂപയാണ് സമാഹരിക്കാനായത്. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ എന്നിവരുടെ നേതൃത്വത്തില്‍ 20 കേന്ദ്രങ്ങളില്‍ നിന്നായി 21,12,66,513 രൂപയാണ് ലഭിച്ചത്.
ഇതിനു പുറമെ, കലക്ടറേറ്റില്‍ നിന്ന് 6,29,24,317 രൂപയും വിവിധ താലൂക്കുകളില്‍ നിന്നായി (പയ്യന്നൂര്‍- 49,41,871 രൂപ, തളിപ്പറമ്പ്- 1,00,03,922 രൂപ, കണ്ണൂര്‍- 1,04,74,858 രൂപ, ഇരിട്ടി- 46,29,222 രൂപ, തലശ്ശേരി- 44,99,564 രൂപ) ആകെ 3,45,49,437 രൂപയും സമാഹരിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 88 സെന്റ് ഭൂമി, രണ്ടേകാല്‍ പവന്‍ സ്വര്‍ണം, കാല്‍പവന്‍ ഡയമണ്ട് എന്നിവയും സംഭാവനയായി ലഭിച്ചു.
ഇന്നലെ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ മൂന്നു കേന്ദ്രങ്ങളിലായി നടന്ന ധനസമാഹരണത്തില്‍ 8,99,30,483 രൂപ ലഭിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍, അഴീക്കോട്, വളപട്ടണം, ചിറക്കല്‍ പഞ്ചായത്തുകള്‍ക്കായി കണ്ണൂര്‍ പൊലിസ് സഭാ ഹാളില്‍ നടന്ന ചടങ്ങില്‍ 1,71,79,265 രൂപയാണ് ലഭിച്ചത്.
ചിറക്കല്‍ പഞ്ചായത്തിലെ 43 അംഗണവാടി ടീച്ചര്‍മാര്‍ ചേര്‍ന്ന് ഒരു മാസത്തെ ഓണറേറിയം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി, കീഴല്ലൂര്‍, കൂടാളി, തില്ലങ്കേരി പഞ്ചായത്തുകള്‍ക്കായി മട്ടന്നൂര്‍ മുനിസിപ്പല്‍ ഓഫിസില്‍ നടന്ന ധനസമാഹരണത്തില്‍ 75,66,674 രൂപ മന്ത്രി ഏറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു ചടങ്ങില്‍ അധ്യക്ഷയായി.
തഹസില്‍ദാര്‍മാരായ വി.എം സജീവന്‍(കണ്ണൂര്‍), കെ.കെ ദിവാകരന്‍ (ഇരിട്ടി), ടി.വി രഞ്ജിത്ത് (തലശ്ശേരി) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തലശ്ശേരി മുനിസിപ്പാലിറ്റി, ന്യൂമാഹി, കതിരൂര്‍, എരഞ്ഞോളി പഞ്ചായത്തുകള്‍ക്കായി തലശ്ശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 6,51,84,544 രൂപ മന്ത്രി ഏറ്റുവാങ്ങി.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. ശ്രീപുരം ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് 4,58,000 രൂപയും മാടായി ഏരിയയിലെ സര്‍വിസ് സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ഒരു മാസത്തെ വേതനമായ 1,27,00,000 രൂപയും മൊറാഴ സര്‍വീസ് സഹകണ ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ വേതനമായ 17,00,000 രൂപയും വ്യവസായ മന്ത്രിക്ക് നേരിട്ട് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."