കടത്തില്‍ മുടിഞ്ഞ് കേരളം; ഓരോ കുഞ്ഞും ജനിക്കുന്നത് 69,690.38 രൂപ കടക്കാരനായി
തിരുവനന്തപുരം: കടംവാങ്ങി മുടിഞ്ഞ് കേരളം. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്ക് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. കഴിഞ്ഞ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 2,09,286 ലക്ഷം കോടി രൂപ.
അതായത് കേരളത്തിലെ ഓരോ സ്ത്രീയും പുരുഷനും ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 69,690.38 രൂപ കടക്കാര്‍. പതിനായിരക്കണക്കിന് കോടി രൂപ ചെലവ് വരുന്ന വന്‍കിട വികസന പദ്ധതികളൊന്നും എടുത്ത് നടത്താനല്ല ഇത്രയും തുക കടമെടുത്തിട്ടുള്ളത്. ശമ്പളം നല്‍കാനും ദൈനംദിന ചെലവുകള്‍ക്കും പിന്നെ ഭരിക്കുന്നവരുടെ ധൂര്‍ത്തിനും. കടം കൊണ്ട് മുടിഞ്ഞിട്ടും വീണ്ടും വീണ്ടും കടമെടുത്ത് കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ വിഴുങ്ങാന്‍ തക്ക പാകത്തിലുള്ള കോടികളുടെ കടമുണ്ടാക്കി വച്ചത് മാറി മാറി വന്ന സര്‍ക്കാരുകള്‍ തന്നെ.
സ്വദേശത്തും വിദേശത്തുമുള്ള ബാങ്കുകള്‍ക്കും ഏജന്‍സികള്‍ക്കും പലിശ കൊടുത്തു തന്നെ നാടു മുടിയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 47,116.87 രൂപയായിരുന്നു ആളോഹരി കടം. കടം കൊണ്ട് മുടിഞ്ഞിട്ടും ഏതാണ്ട് 20,000 കോടി ലക്ഷ്യം വച്ച് കിഫ്ബിക്കായി മസാല ബോണ്ടിറക്കുകയാണ് സര്‍ക്കാര്‍. ഇത് കൂടാതെ കേരള പുനര്‍ നിര്‍മാണത്തിനും വേണം 30,000 കോടി. ഇത് എവിടെ എത്തി അവസാനിക്കുമെന്ന് ആര്‍ക്കുമറിയില്ല. അവസാനം കേരളത്തിന്റെ ഓരോ ഭാഗവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതേണ്ടി വരും. സര്‍ക്കാര്‍ മാറി വരുമ്പോഴും ധൂര്‍ത്തും വോട്ട് ബാങ്ക് ഉറപ്പിക്കാനും വാരിക്കോരി ചെലവാക്കുന്നു, അതും കടമെടുത്ത്.
വര്‍ഷം ആദ്യം തന്നെ കേരളത്തിന്റെ വായ്പ എടുക്കാനുള്ള പരിധി കടമെടുത്തിരിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. 20,402 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആറു മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തെ സമീപിച്ചെങ്കിലും കേന്ദ്രം അത് അനുവദിച്ചിരുന്നില്ല. വീണ്ടും പ്രളയ പുനര്‍ നിര്‍മാണത്തിന്റെ പേരു പറഞ്ഞ് കടമെടുക്കാനുള്ള പരിധി കൂട്ടാന്‍ ധനമന്ത്രി തോമസ് ഐസക് കേന്ദ്രത്തെ സമീപിക്കാനിരിക്കുകയാണ്.
നേരത്തെ കടം വാങ്ങിയിരുന്നത് പദ്ധതി ചെലവുകള്‍ക്ക് ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ കടമെടുക്കുന്നത് നിത്യചെലവുകള്‍ക്കായാണ്. മാസംതോറും ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുക തന്നെ വേണ്ടി വരുന്നു. മൊത്തം ചെലവിന്റെ 45 ശതമാനം ഇതിനായി മാറ്റിവയ്‌ക്കേണ്ടി വരുന്നു. അതായത് 48,968 കോടി വേണം ശമ്പളവും പെന്‍ഷനും നല്‍കാന്‍.
ശമ്പളത്തിനായി 31,903 കോടിയും പെന്‍ഷനുവേണ്ടി 17,065 കോടിയും. മുന്‍പ് കടം വാങ്ങിയിരുന്നത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ കടം വാങ്ങുന്നത് നിത്യചെലവുകള്‍ക്കും കടം വീട്ടാനുമാണ്. പലിശ കൊടുക്കാന്‍ പോലും കടം വാങ്ങുന്ന അവസ്ഥ. ഇങ്ങനെ കടം പെരുകുന്നത് നല്ല ലക്ഷണമല്ല. അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിനു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഖജനാവ് കാലിയായി കടം പെരുകുമ്പോഴും ഓരോ വകുപ്പുകളിലും പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി മാറിമാറി വരുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016-17 സാമ്പത്തിക വര്‍ഷം 29,083.54 കോടി വായ്പ എടുത്തും കഴിഞ്ഞ മേയ് 28 വരെ 59,000 കോടി കടപത്രങ്ങള്‍ വഴിയും സ്വരൂപിച്ചു.
കടമായി 12,307 കോടിയും സ്‌മോള്‍ സേവിങ്‌സ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയിലൂടെ ഏതാണ്ട് 8,939 കോടി സര്‍ക്കാരിന് ലഭിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 54,843 കോടിയായിരുന്നു കടമെടുത്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷികാദായ നികുതി 0.7 കോടിയും ഭൂനികുതി 202.78 കോടിയും മുദ്രപത്രങ്ങളും രജിസ്‌ട്രേഷന്‍ ഫീസുമായി 3,693.17 കോടിയും കൃഷി ഭൂമി ഒഴികെയുള്ള സ്ഥാവര വസ്തുവിന്‍ മേലുള്ള നികുതികള്‍ 177.04 കോടിയും സംസ്ഥാന എക്‌സൈസ് നികുതി 2521.43 കോടിയും വാഹന നികുതി 3708.61 കോടിയും ക്രയവിക്രയങ്ങളുടെയും മറ്റു നികുതികളുമായ 47.40 കോടിയും വൈദ്യുതിയില്‍ നിന്നു 62.38 കോടിയും ചരക്ക് സേവനനികുതിയായ 21,014. 71 കോടിയും ഉള്‍പ്പെടെ 29,639.41 കോടി രൂപ പിരിഞ്ഞു കിട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."